കൊല്ലം: കൊല്ലത്ത് ഉത്സവപറമ്ബില്‍ വെച്ച് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് പോലീസ്. താഴത്ത് കുളക്കട സ്വദേശി സതീഷിനെയാണ് പോലീസ് ലാത്തി കൊണ്ട് മര്‍ദ്ദിച്ച് അവശനാക്കിയത്.
കൊല്ലം പുത്തൂര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് തന്നെ തല്ലിച്ചതച്ചെന്ന് സതീഷ് പ്രതികരിച്ചു.
കൂലപ്പണി ചെയ്ത് ജീവിക്കുന്നയാളാണ് താന്‍. രണ്ട് കുട്ടികള്‍ തനിക്കുണ്ടെന്നും പോലീസ് തല്ലുന്നത് കണ്ട് ആരും പ്രതികരിച്ചില്ലെന്നും സതീഷ് പറയുന്നു. ഉത്സവത്തിനിടെ ഡാന്‍സ് കളിച്ചതിന്റെ പേരിലായിരുന്നു മര്‍ദ്ദനം. ശരീരത്താകെ ലാത്തിയടിയേറ്റതിന്റെ പാടുകള്‍ ഉണ്ട്. ആറോ ഏഴോ പോലീസുകാര്‍ ഒരുമിച്ച് ലാത്തി കൊണ്ട് സതീഷിനെ പൊതിരെ തല്ലുന്ന ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.
യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷം പരിഹരിക്കുകയാണ് ചെയ്തതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. സംഘര്‍ഷം ഒഴിവാക്കാന്‍ ലാത്തി വീശുകയാണ് ചെയ്തതെന്നും പോലീസ് വിശദീകരിച്ചു. ഇന്നലെ രാത്രിയാണ് സംഭവം നടക്കുന്നത്. സതീഷിനെ പോലീസ് കൂട്ടം ചേര്‍ന്ന് മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ കാണാം. ഷര്‍ട്ട് ഇടാതെ ഉത്സവപ്പറമ്ബില്‍ നൃത്തംവെച്ചതിനാണ് മര്‍ദ്ദനം. എന്നാല്‍ തന്റെ കൂടെയുള്ള യുവാവിന് പരിക്കേറ്റപ്പോള്‍ ഷര്‍ട്ട് ഊരി നല്‍കുകയായിരുന്നുവെന്നാണ് സതീഷ് പറയുന്നത്.
ഗാനമേള കേള്‍ക്കുന്നതിനിടെ താനുമായി വഴക്കായിരുന്ന ഒരു യുവാവ് തന്റെ കരണത്ത് അടിച്ചുവെന്നും തിരിച്ച് ചോദ്യം ചെയ്തതാണ് പോലീസ് കണ്ടതെന്നും സതീഷ് പറയുന്നു. തുടര്‍ന്ന് കാര്യമെന്താണെന്ന് കൂടി തിരക്കാതെ പോലീസ് തന്നെ മര്‍ദ്ദിക്കുകയായിരുന്നു. തെരുവ് നായയെ തല്ലുന്ന പോലെയാണ് തന്നെ തല്ലിയതെന്നും സതീഷ് പറഞ്ഞു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കുമെന്നും സതീഷ് വ്യക്തമാക്കി.

