ഒക്ടോബര്‍ 5ന് ആലപ്പു‍ഴയില്‍ വന്നാല്‍ സൗജന്യ ഹൗസ്ബോട്ട് യാത്ര നടത്താം

ആലപ്പു‍ഴ: പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ച ആലപ്പു‍ഴ ടൂറിസം മേഖലയിലുണ്ടായ തകര്‍ച്ചയില്‍ നിന്നും കരകയറാനുളള ശ്രമത്തിലാണ്. സഞ്ചാരികളെ വരവേൽക്കാൻ ആലപ്പുഴയിലെ ടൂറിസം മേഖല തയ്യാറായിക്കഴിഞ്ഞു. ഇതിനായി ബൃഹത് പദ്ധതികളാണ് സഞ്ചാരികള്‍ക്കായി സംസ്ഥാന വിനോദ സഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന്‌ ആവിഷ്ക്കരിച്ചിരിക്കുന്നത്‌.

ആലപ്പുഴ ജില്ലയിലെ കായൽ ടൂറിസം മേഖലയ്ക്ക്‌ പുത്തനുണർവ്വ്‌ നൽകുക എന്ന ലക്ഷ്യത്തോടെ ആലപ്പുഴ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്‍റെ (ഡി.ടി.പി.സി) ആഭിമുഖ്യത്തിൽ ബാക്ക്‌ ടു ബാക്ക്‌വാട്ടേഴ്സ്‌ എന്ന പേരിൽ ഒക്ടോബർ 5-‍ാം തീയതി മുതൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുകയാണ്‌. ബൈക്ക്‌ റാലി, ഫോട്ടോ പ്രദർശനം, ഹൗസ്‌ ബോട്ട്‌ റാലി, കലാവിരുന്ന്‌ തുടങ്ങിയവയാണ്‌ പ്രധാന പരിപാടികൾ.

രാവിലെ 10 മണിക്ക്‌ പ്രളയകാലത്തെ ആലപ്പുഴ ജില്ലയുടെ അതിജീവനത്തിന്‍റെ ചരിത്രം വിവരിക്കുന്ന ചിത്രപ്രദർശനം “അതിജീവനത്തിന്‍റെ നാൾവഴികൾ” ആലപ്പുഴ പുന്നമട ഹൗസ്‌ ബോട്ട്‌ ടെർമിനലിൽ നടക്കും. 11 മണി മുതൽ 225 ൽ പരം ഹൗസ്‌ ബോട്ടുകൾ അണിനിരക്കുന്ന ബാക്ക്‌ ടു ബാക്ക്‌വാട്ടേഴ്സ്‌ ഹൗസ്‌ബോട്ട്‌ മഹാറാലി ആരംഭിക്കും. ലോക വിനോദ സഞ്ചാര രംഗത്തെ അത്യപൂർവ്വമായ കാഴ്ചകളിലൊന്നായി ഇത്‌ മാറും. സംസ്ഥാന വിനോദ സഞ്ചാര വകുപ്പ്‌ മന്ത്രി കടകംപള്ളി സുരേന്ദ്രൻ റാലി ഫ്ളാഗ്‌ ഓഫ്‌ ചെയ്യും.

കേരളീയ തനതു കലാരൂപങ്ങളുടെ പ്രദർശനവും ഇതോടനുബന്ധിച്ച്‌ നടക്കും. ഈ ഹൗസ്‌ബോട്ട്‌ റാലിയിൽ പങ്കെടുക്കുന്നതിനായി ആലപ്പുഴ ഡി.ടി.പി.സി ഓഫീസിൽ പേര്‌ രജിസ്റ്റർ ചെയ്യുന്നവർക്ക്‌ അന്നേ ദിവസം മൂന്ന്‌ മണിക്കൂറോളം സൗജന്യ ഹൗസ്‌ബോട്ട്‌ യാത്ര അനുവദിക്കുന്നതാണ്‌. ആലപ്പുഴയിലെ വിനോദ സഞ്ചാര രംഗത്ത്‌ ഉണ്ടായിട്ടുള്ള മാന്ദ്യത്തിൽ നിന്ന്‌ കരകയറ്റുന്നതിനും ഈ മേഖലയിൽ വലിയൊരു ഉണർവ്വ്‌ സൃഷ്ടിക്കുന്നതിനും ഈ പരിപാടികളോടെ സാധിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

 

prp

Related posts

Leave a Reply

*