സൗജന്യ റേഷന്‍; ഒരുലക്ഷത്തോളം അനര്‍ഹരെ പുറത്താക്കി

കണ്ണൂര്‍: മുന്‍ഗണന, അന്ത്യോദയ, അന്നയോജന വിഭാഗങ്ങളില്‍ കടന്നുകൂടി സൗജന്യ റേഷന്‍ വാങ്ങിയ ഒരുലക്ഷത്തോളം അനര്‍ഹരെ സിവില്‍ സപ്ലൈസ് വകുപ്പ് പുറത്താക്കി. ഇവരെ പൊതുവിഭാഗത്തിലേക്ക് മാറ്റി. അര്‍ഹരായ ഒരുലക്ഷം പേരെ ഉള്‍പ്പെടുത്താനും നടപടി ആരംഭിച്ചു.

അര്‍ഹരെ 29-നു മുമ്പ് ഉള്‍പ്പെടുത്താനാണ് ഡയറക്ടര്‍ ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ക്ക് നല്‍കിയ നിര്‍ദേശം. മരിച്ചവരെയും അനര്‍ഹരെയും കണ്ടെത്താന്‍ സംസ്ഥാനതലത്തില്‍ നടത്തിയ പരിശോധനയിലാണ് 21,611 കാര്‍ഡുകളില്‍ ഉള്‍പ്പെട്ട ഒരുലക്ഷത്തോളം പേരെ കണ്ടെത്തിയത്.

മുന്‍ഗണനപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറാക്കിയ ചുരുക്കപ്പട്ടികയിലെ മൂന്നരലക്ഷം പേരില്‍നിന്ന് ഒരുലക്ഷം പേരെയാണ് മുന്‍ഗണനാവിഭാഗത്തിലേക്ക് മാറ്റുന്നത്. ഈ മാസം അവസാനംവരെ തുടരുന്ന പരിശോധന പൂര്‍ത്തിയാകുന്നതോടെ ചുരുക്കപ്പട്ടികയിലെ ഭൂരിഭാഗം പേരെയും മുന്‍ഗണനാവിഭാഗത്തിലേക്ക് മാറ്റാനാകുമെന്നാണ് പ്രതീക്ഷ.

ഒരംഗം മാത്രമുള്ളത്, 65 വയസ്സിനുമുകളില്‍ പ്രായമുള്ളവര്‍ ഉള്‍പ്പെട്ടത്, മൂന്നുമാസമായി റേഷന്‍ വാങ്ങാത്തവര്‍ എന്നീ കാര്‍ഡുകളാണ് പരിശോധിക്കുന്നത്. അനര്‍ഹമായി റേഷന്‍ വാങ്ങിയവരില്‍ സര്‍ക്കാര്‍ജീവനക്കാരും ബാങ്ക് ജീവനക്കാരുമുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കാര്‍ഡ് തിരിച്ചേല്‍പ്പിച്ച്‌ പൊതുവിഭാഗത്തിലേക്ക് മാറാന്‍ അവസരം നല്‍കിയിരുന്നു.

അനര്‍ഹമായി റേഷന്‍ വാങ്ങിയവരില്‍നിന്ന് വിപണിവില ഈടാക്കാനാണ് തീരുമാനം. അരിക്ക് കിലോയ്ക്ക് 29.81 രൂപയും ഗോതമ്ബിന് 20.68 രൂപയും ഈടാക്കും. പണമടച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും. കാര്‍ഡ് സ്വമേധയാ തിരിച്ചേല്‍പ്പിക്കുന്നവരെ പിഴ, നിയമനടപടി എന്നിവയില്‍നിന്നൊഴിവാക്കും.

രണ്ട് കാര്‍ഡുകളില്‍ പേരുള്ളവരെയും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒന്നില്‍നിന്ന് പേരൊഴിവാക്കിയശേഷം ഒരു കാര്‍ഡില്‍ പേര് നിലനിര്‍ത്തുകയോ ഒരു കാര്‍ഡ് നിലനിര്‍ത്തുകയോ ചെയ്യും. അധികം വാങ്ങിയ റേഷന്‍ ധാന്യത്തിന് വിപണിവിലയും ഈടാക്കും.

2017 ജൂണില്‍ മുന്‍ഗണനപ്പട്ടിക പ്രസിദ്ധീകരിച്ചശേഷം അഞ്ചുതവണ പട്ടിക ശുദ്ധീകരിച്ചു. 15 ലക്ഷം പേരെ ഒഴിവാക്കി. ആറാമത്തെ ശുദ്ധീകരണമാണ് ഇപ്പോള്‍ നടക്കുന്നത്.

മുന്‍ഗണനാവിഭാഗം- അനര്‍ഹര്‍

1000 ചതുരശ്രയടിക്ക് മുകളില്‍ വിസ്തീര്‍ണമുള്ള വീട്

സര്‍ക്കാര്‍ ജോലി

പെന്‍ഷന്‍കാര്‍

25,000 രൂപയ്ക്കുമുകളില്‍ മാസവരുമാനം

വിദേശത്ത് ജോലി

സ്വകാര്യ നാലുചക്ര വാഹനം

ഒരേക്കറില്‍ കൂടുതല്‍ ഭൂമി

ആദായനികുതി അടയ്ക്കുന്നവര്‍

prp

Leave a Reply

*