മുൻ മന്ത്രി കടവൂർ ശിവദാസൻ അന്തരിച്ചു

തിരുവനന്തപുരം: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന  കടവൂര്‍ ശിവദാസന്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചയെയായിരുന്നു അന്ത്യം. സംസ്‌കാരം വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പില്‍.

കെ. കരുണാകരന്‍, എ.കെ ആന്‍റണി മന്ത്രിസഭകളില്‍ അംഗമായിരുന്ന കടവൂര്‍ സദാശിവന്‍ വനം, എക്‌സൈസ്, വൈദ്യുതി, ആരോഗ്യം, തൊഴില്‍, ഗ്രാമ വികസനം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. ആര്‍എസ്പിയിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിയ കടവൂര്‍ ശിവദാസന്‍ പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. 1980 ലും 1982 ലും ആര്‍. എസ്.പി സ്ഥാനാര്‍ത്ഥിയായും 1991, 1996, 2001 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായും ജയിച്ച് നിയമസഭയിലെത്തി.

2006 ൽ കുണ്ടറയിൽ എംഎ ബേബിയോട് പരാജയപ്പെട്ട ശേഷം തെരഞ്ഞെടുപ്പു രാഷ്ട്രീയത്തോട് വിട പറഞ്ഞു. കൊല്ലം ഡി സി സി പ്രസിഡന്റായും കെ പി സി സി ജനറൽ സെക്രട്ടറിയായും സംഘാടക മികവ് തെളിയിച്ചു. ജനീവയിലെ രാജ്യാന്തര തൊഴിൽ സംഘടന സമ്മേളനത്തിൽ പങ്കെടുത്ത കടവൂർ ശിവദാസൻ അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ക്ഷേമനിധി ബോർഡ് എന്ന ആശയം പിന്നീട് കേരളത്തിൽ മുന്നോട്ടു വെച്ചു.

വൈദ്യുതി മന്ത്രിയായിരിക്കെ വൈദ്യുതി തകരാർ വേഗം പരിഹരിക്കാൻ മൊബൈൽ സ്‌ക്വാഡിനെ നിയോഗിച്ചു. സംസ്‌കൃത ഭാഷയിൽ പാണ്ഡിത്യമുണ്ടായിരുന്ന കടവൂർ ശിവദാസന്റെ പ്രസംഗങ്ങളിൽ ഭഗവദ് ഗീതയും ഉപനിഷത്തുമൊക്കെ കടന്നു വരാറുണ്ടായിരുന്നു. ഭാര്യ: ആർ വിജയമ്മ, മക്കൾ : മിനി ,ഷാജി ശിവദാസൻ

prp

Leave a Reply

*