വനത്തില്‍ അതിക്രമിച്ച്‌ കയറി വീഡിയോ ചിത്രീകരണം: വനിതാ യൂട്യൂബറെ കണ്ടെത്താനായില്ല, കാര്‍ കസ്റ്റഡിയിലെടുത്തു

കൊല്ലം: മാമ്ബഴത്തറ വനത്തില്‍ അതിക്രമിച്ചു കയറി കാട്ടാനകളെ പ്രകോപിപ്പിച്ചു വീഡിയോ ചിത്രീകരിച്ച വനിതാ വ്ളോഗര്‍ അമല അനുവിന്‍റെ കാര്‍ വനം വകുപ്പ് കസ്റ്റഡിയിലെടുത്തു.

കിളിമാനൂരില്‍ നിന്നാണ് കാര്‍ കസ്റ്റഡിയില്‍ എടുത്തത്. അമല അനു ഇവിടെ ഒളിവില്‍ കഴിയുന്നുവെന്ന വിവരത്തെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷക്കായി അമല കൊച്ചിയിലേക്ക് മാറിയെന്നാണ് വിവരം. അതെ സമയം അമല അനു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് വനംവകുപ്പ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

വന്യജീവി സംരക്ഷണനിയമത്തിലെ എട്ട് വകുപ്പുകള്‍ പ്രകാരമാണ് അമല അനുവിനെതിരെ വനം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എട്ട് മാസം മുമ്ബാണ് അമല അനു വിവാദ വീഡിയോ തന്‍റെ യൂട്യൂബ് ചാനലില്‍ അപ് ലോഡ് ചെയ്തിരുന്നത്. ഹെലിക്യാം ഉപയോഗിച്ച്‌ വീഡിയോ ചിത്രീകരിച്ച ശേഷം ആനയെ അടുത്ത് കാണാന്‍ അമല സാഹസികമായി കാട്ടിലേക്ക് കയറുന്നതും കലിപൂണ്ട കാട്ടാന അമലയെ ഓടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു. എന്നാല്‍ അന്ന് അധികമാരും ശ്രദ്ധിക്കപ്പെടാതെ പോയ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ ചില ട്രോള്‍ ഗ്രൂപ്പുകളിലും ഓണ്‍ലൈന്‍ പേജുകളിലുമായി വൈറലായി. തുടര്‍ന്ന് വനം വകുപ്പിന്‍റെ ശ്രദ്ധയില്‍ പെട്ടതോടെ വീഡിയോ പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സംരക്ഷിത വനമേഖലയില്‍ അതിക്രമിച്ചുകയറിയതിനും ആനയെ പ്രകോപിപ്പിച്ചതിനും വന്യജീവി സംരക്ഷണനിയമപ്രകാരം എട്ട് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളും കൂട്ടത്തിലുണ്ട്. കേസെടുത്തെന്നറിഞ്ഞതോടെ അമല തന്‍റെ പേജില്‍ നിന്നും വീഡിയോ നീക്കം ചെയ്തു.

prp

Leave a Reply

*