ന്യൂഡല്‍ഹി : കൊവിഡ് പ്രതിരോധത്തിനായി വന്‍ തുക രാജ്യങ്ങള്‍ ചിലവിടുന്ന സമയത്താണ് അതിര്‍ത്തി തര്‍ക്കങ്ങളും പ്രാദേശികവാദവും ഉയര്‍ത്തി ചൈന അയല്‍രാജ്യങ്ങളുടെ മേല്‍ കുതിര കയറാന്‍ ശ്രമം നടത്തുന്നത്. നേപ്പാളും മ്യാന്‍മാറും അടക്കമുള്ള ചെറുരാജ്യങ്ങള്‍ ചൈനയ്ക്കുമേല്‍ പരാതി ഉയര്‍ത്തുമ്ബോള്‍ ഇന്ത്യയടക്കമുള്ള വന്‍ ശക്തികള്‍ സൈനിക പ്രതിരോധകോട്ട ഉയര്‍ത്തി ചൈനയെ തടയുവാന്‍ ശ്രമിക്കുകയാണ്. ഇപ്പോള്‍ ആസ്‌ട്രേലിയയും പ്രതിരോധ മേഖലയില്‍ കനത്ത നിക്ഷേപത്തിന് ഒരുങ്ങിയിരിക്കുകയാണ്.
അടുത്ത ഒരു ദശാബ്ദക്കാലം കൊണ്ട് തങ്ങളുടെ സൈന്യത്തിന്റെ പ്രഹരശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി 270 ബില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളറാണ് രാജ്യം നിക്ഷേപിക്കുവാന്‍ ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച പ്രഖ്യാപനം ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ നടത്തി. രാജ്യത്തിന്റെ സുരക്ഷ നിലനിര്‍ത്തുന്നതിനും ഇന്തോ പസഫിക്കില്‍ ഉയരുന്ന തന്ത്രപ്രധാനമായ പ്രവര്‍ത്തനങ്ങളുമാണ് ഇത്തരമൊരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് ചൈനയുടെ പേര് നേരിട്ട് പരാമര്‍ശിക്കാതെ അദ്ദേഹം പറഞ്ഞു. ‘ഇന്തോപസഫിക് മേഖലയിലെ വെല്ലുവിളികളും സ്വഭാവവും അര്‍ത്ഥമാക്കുന്നത് ഞങ്ങള്‍ക്ക് ഒരു പുതിയ സമീപനം ആവശ്യമാണെന്നും ഞങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സജീവമായി ശ്രമിക്കു’മെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണ ചൈനാ കടലിലും കിഴക്കന്‍ ചൈനാ കടലിനും പുറമേ ഇന്തോ പസഫിക്ക് മേഖലയിലും ചൈന സൈനികവും സാമ്ബത്തികവുമായ സ്വാധീനം വ്യാപിപ്പിക്കുകയാണ്. ഇതാണ് പ്രതിരോധത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നാന്‍ ആസ്‌ട്രേലിയയെ പ്രേരിപ്പിക്കുന്നത്. അമേരിക്കന്‍ നാവികസേനയില്‍ നിന്നും അത്യാധുനിക പടക്കപ്പലുകളും, ദീര്‍ഘദൂര മിസൈലുകളുള്‍പ്പടെയുള്ള ആയുധങ്ങള്‍ വാങ്ങുന്നതിന് പണം വിലയിരുത്തിയിട്ടുണ്ട്. ഇതു കൂടാതെ സേനയെ ആധുനികവത്കരിക്കുന്നതിനും ഫണ്ട് ചിലവഴിക്കും.
നിലവില്‍ ഇന്ത്യയുമായി ചേര്‍ന്ന് ഓസ്‌ട്രേലിയ, യുഎസ്, ജപ്പാന്‍ എന്നീരാജ്യങ്ങള്‍ ക്വാഡ് (ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ്) രൂപീകരിച്ചതും ചൈനയെ മെരുക്കുന്നതിന് വേണ്ടിയാണ്. മേഖലയുടെ സുരക്ഷയ്ക്കായും, സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും ക്വാഡ് നാവിക പരിശീലനം സ്ഥിരമായി നടത്താറുണ്ട്. ഇതിന് പുറമേ തന്ത്രപ്രധാന വിവരങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന കയ്യേറിയപ്പോള്‍ പ്രതിരോധ മിസൈലുകള്‍ ജപ്പാന്‍ ചൈനാ അതിര്‍ത്തിയില്‍ വിന്യസിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചൈനയുടെ ശ്രദ്ധ ഇന്ത്യയിലേക്ക് മാത്രമായി കേന്ദ്രീകരിക്കുന്നത് തടയാന്‍ മറ്റുരാജ്യങ്ങളും ശ്രമിക്കുന്നു എന്നതിന്റെ തെളിവാണിത്. ചൈനീസ് ആപ്പ് നിരോധനവുമായി ബന്ധപ്പെട്ട് അമേരിക്ക ഇന്ത്യയെ അഭിനന്ദിച്ചിരുന്നു.

