ലുട്ടാപ്പി ലുക്കില്‍ കോട്ടയം പ്രദീപ്;വൈറലായി ‘ഫാന്‍സി ഡ്രസ്സിന്‍റെ പോസ്റ്റര്‍

ലുട്ടാപ്പി പഴയ ലുട്ടാപ്പിയല്ല. മായാവിയെയും രാജുവിനെയും രാധയെയുമൊക്കെ കടത്തി വെട്ടുന്ന താര പരിവേഷമാണ് മലയാളികളുടെ സ്വന്തം ‘ക്യൂട്ട് കുട്ടിച്ചാത്ത’ന്. ഒരു ലക്കം ബാലരമയില്‍ കാണാതായപ്പോള്‍ തന്നെ ലുട്ടാപ്പിയുടെ ആരാധക പിന്തുണയെന്തെന്ന് മലയാളി തിരിച്ചറിഞ്ഞതാണ്.

സോഷ്യല്‍ മീഡിയയില്‍ ‘സേവ് ലുട്ടാപ്പി’ എന്ന ഹാഷ്ടാഗില്‍ ആരാധകരുടെ പോസ്റ്റുകള്‍ നിറഞ്ഞു. ഒടുവില്‍ ലുട്ടാപ്പി പുതിയ ലക്കത്തില്‍ തിരികെ വരുമെന്ന് ബാലരമ അറിയിച്ചതോടെയാണ് ലുട്ടാപ്പി ഫാന്‍സുകാര്‍ക്ക് മനസ്സമാധാനമായത്.

ഇപ്പോഴിതാ ലുട്ടാപ്പി സിനിമയിലേക്കുമെത്തുകയാണ്. കോട്ടയം പ്രദീപാണ് സിനിമയില്‍ ലുട്ടാപ്പിയുടെ വേഷത്തില്‍. ഗിന്നസ് പക്രു ആദ്യമായി നിര്‍മ്മിക്കുന്ന ‘ഫാന്‍സി ഡ്രസ്സ്’ എന്ന ചിത്രത്തിലാണ് ലുട്ടാപ്പിയായി പ്രദീപ് എത്തുക. ഇതിന്‍റെ ഒരു പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടുണ്ട്. കുന്തവും പിടിച്ച്, വാലും നീട്ടി ലുട്ടാപ്പിയായി നില്‍ക്കുന്ന പ്രദീപിനെ പോസ്റ്ററില്‍ കാണാം.

‘പേടിക്കേണ്ട ലുട്ടാപ്പിയെ ഞങ്ങള്‍ സിനിമയില്‍ എടുത്തു ‘ഫാന്‍സി ഡ്രസ്സില്‍ ‘… പുള്ളി ഹാപ്പിയായി കോട്ടയം പ്രദീപിന്‍റെ ദേഹത്തു കൂടി.’– പോസ്റ്റര്‍ പങ്കുവച്ച് പക്രു കുറിച്ചു.

രഞ്ജിത്ത് സ്‌കറിയയാണ് ‘ഫാന്‍സി ഡ്രസ്സ്’ സംവിധാനം നിര്‍വഹിക്കുന്നത്. ‘ഫാന്‍സി സ്റ്റോറി ഓഫ് മാം ആന്‍ഡ് സണ്‍’ എന്നാണ് സിനിമയ്ക്ക് നല്‍കുന്ന ടാഗ് ലൈന്‍. നാലു പേര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ ഒട്ടേറെ കോമഡി താരങ്ങളും എത്തുന്നുണ്ട്. പോണ്ടിച്ചേരിയിലും കേരളത്തിലുമായാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് നടക്കുക.

prp

Leave a Reply

*