ഇംഗ്ലീഷിന് ബദലായി ഹിന്ദി സ്വീകരിക്കണമെന്ന് അമിത് ഷാ, പ്രാദേശിക ഭാഷകളല്ല; ‘പൗരന്മാര്‍ സംസാരിക്കുമ്ബോള്‍ അത് ഇന്‍ഡ്യയുടെ ഭാഷയിലായിരിക്കണം’

ന്യൂഡല്‍ഹി: ( 08.04.2022) ഇന്‍ഗ്ലീഷിന് ബദലായി ഹിന്ദി സ്വീകരിക്കണമെന്നും പ്രാദേശിക ഭാഷകളല്ലെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ.പാര്‍ലമെന്ററി ഔദ്യോഗിക ഭാഷാ സമിതിയുടെ 37-ാമത് യോഗത്തില്‍ അധ്യക്ഷത വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍കാര്‍ ഭരണത്തിന്റെ മാധ്യമം ഔദ്യോഗിക ഭാഷയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചു, ഇത് തീര്‍ചയായും ഹിന്ദിയുടെ പ്രാധാന്യം വര്‍ധിപ്പിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ മന്ത്രിസഭയുടെ 70 ശതമാനം അജന്‍ഡയും ഹിന്ദിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഔദ്യോഗിക ഭാഷയായ ഹിന്ദിയെ രാജ്യത്തിന്റെ ഐക്യത്തിന്റെ പ്രധാന ഭാഗമാക്കേണ്ട സമയമാണിത്.
പ്രാദേശിക ഭാഷകളല്ല, ഇന്‍ഗ്ലീഷിന് ബദലായി ഹിന്ദിയെ അംഗീകരിക്കണം. മറ്റ് പ്രാദേശിക ഭാഷകളിലെ വാക്കുകള്‍ സ്വീകരിച്ച്‌ ഹിന്ദിയെ വഴക്കമുള്ളതാക്കിയില്ലെങ്കില്‍ അത് പ്രചരിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. വിവിധ ഭാഷകള്‍ സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ പൗരന്മാര്‍ പരസ്പരം ആശയവിനിമയം നടത്തുമ്ബോള്‍ അത് ഇന്‍ഡ്യയുടെ ഭാഷയിലായിരിക്കണമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

പ്രധാനമായും മൂന്ന് കാര്യങ്ങളിലാണ് ഷാ ഊന്നല്‍ നല്‍കിയത്. ഒന്നാമതായി, സമിതിയുടെ റിപോര്‍ടിന്‍റെ ഒന്ന് മുതല്‍ 11 വരെ വാല്യങ്ങള്‍ വരെയുള്ള ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിനായി ജൂലൈയില്‍ ഒരു യോഗം ചേരാന്‍ അഭ്യര്‍ഥിച്ചു. ആ യോഗത്തില്‍ വോളിയം തിരിച്ചുള്ള റിപോര്‍ട് നടപ്പാക്കുന്നത് സംബന്ധിച്ച്‌ ഔദ്യോഗിക ഭാഷാ സമിതി സെക്രടറി അംഗങ്ങളെ അറിയിക്കണമെന്നും ഷാ പറഞ്ഞു.

രണ്ടാമതായി, ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഹിന്ദിയെക്കുറിച്ചുള്ള പ്രാഥമിക പരിജ്ഞാനം നല്‍കേണ്ടതിന്റെ ആവശ്യകതയും ഹിന്ദി അധ്യാപന പരീക്ഷകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. മൂന്നാമതായി, ഹിന്ദി നിഘണ്ടു പരിഷ്കരിച്ച്‌ പുനഃപ്രസിദ്ധീകരിക്കാന്‍ ആഭ്യന്തരമന്ത്രി നിര്‍ദേശിച്ചു. സമിതിയുടെ റിപോര്‍ടിന്റെ 11-ാം വാല്യം രാഷ്ട്രപതിക്ക് അയയ്ക്കുന്നത് ഷാ ഏകകണ്ഠമായി അംഗീകരിച്ചു.

നിലവിലെ ഔദ്യോഗിക ഭാഷാ സമിതി പ്രവര്‍ത്തിക്കുന്ന വേഗത അപൂര്‍വമായി മാത്രമേ മുമ്ബ് കണ്ടിട്ടുള്ളൂവെന്നും സമിതിയുടെ ഒരേ കാലയളവില്‍ മൂന്ന് റിപോര്‍ടുകള്‍ രാഷ്ട്രപതിക്ക് അയച്ചത് എല്ലാവരുടെയും കൂട്ടായ നേട്ടമാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ബന്ധപ്പെട്ട എല്ലാ സെക്രടറിമാരുമായും കൂടിക്കാഴ്ച നടത്തിയ ശേഷം, ഔദ്യോഗിക ഭാഷാ സമിതി റിപോര്‍ടിന്റെ ഒന്ന് മുതല്‍ 11 വരെയുള്ള വാല്യങ്ങളിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന്റെ പുരോഗതി അവലോകനം ചെയ്യാന്‍ ഒരു ഇംപ്ലിമെന്റേഷന്‍ കമിറ്റി രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എട്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലായി 22,000 ഹിന്ദി അധ്യാപകരെ നിയമിച്ചിട്ടുണ്ടെന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഒമ്ബത് ഗോത്രവര്‍ഗ സമുദായങ്ങള്‍ അവരുടെ ഭാഷാ ലിപികള്‍ ദേവനാഗരിയിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി. ഇതിനു പുറമെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ എട്ട് സംസ്ഥാനങ്ങളിലും പത്താം ക്ലാസ് വരെയുള്ള സ്കൂളുകളില്‍ ഹിന്ദി നിര്‍ബന്ധമാക്കാനും ധാരണയായി.

കേന്ദ്ര ആഭ്യന്തര സഹമന്ത്രിമാരായ അജയ് കുമാര്‍ മിശ്ര, നിസിത് പ്രമാണിക്, ഔദ്യോഗിക ഭാഷാ പാര്‍ലമെന്ററി കമിറ്റി വൈസ് ചെയര്‍മാന്‍ ഭര്‍തൃഹരി മഹ്താബ് എന്നിവരും സമിതിയിലെ മറ്റ് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.

prp

Leave a Reply

*