
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് അഴിമതി ആരോപണം നടത്തിയ ഇ-മൊബിലിറ്റി പദ്ധതിയില്‍ വിശദീകരണവുമായി ഗതാഗതവകുപ്പ്. ഇ-മൊബിലിറ്റി പദ്ധതിയില്‍ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത് ചട്ടപ്രകാരമെന്നാണ് ഗതാഗത വകുപ്പിന്റെ വിശദീകരണം. കേന്ദ്രം എംപാനല്‍ ചെയ്യുന്ന കമ്ബനിക്ക് ടെന്‍ഡര്‍ ഇല്ലാതെ കരാര്‍ നല്‍കാം. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സുമായി ധാരണപത്രമില്ല. കമ്ബനിക്ക് നിരോധനവുമില്ല. 80 ലക്ഷമാണ് ഫീസെങ്കിലും ഇതുവരെ ഒന്നും നല്‍കിയിട്ടില്ലെന്നും ഗതാഗതവകുപ്പ് വ്യക്തമാക്കി.
4500 കോടി രൂപ മുടക്കി മൂവായിരം ഇലക്‌ട്രിസിറ്റി ബസ് വാങ്ങാനുള്ള സര്‍ക്കാരിന്റെ ഇ-മൊബിലിറ്റി പദ്ധതിക്കെതിരെ പ്രതിപക്ഷ നേതാവ് ഇന്നലെ അഴിമതി ആരോപണം നടത്തിയിരുന്നു. പദ്ധതിക്കായി കണ്‍സള്‍ട്ടന്‍സി ഏല്‍പ്പിച്ച ലണ്ടന്‍ ആസ്ഥാനമായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ കണ്‍സള്‍ട്ടന്റ് എന്ന കമ്ബനി രണ്ട് വര്‍ഷത്തേക്ക് സെബി നിരോധിച്ച കമ്ബനിയാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നു.
മുഖ്യമന്ത്രി നേരിട്ടാണ് കണ്‍സള്‍ട്ടന്‍സിക്കായി കരാര്‍ ഏല്‍പ്പിച്ചത്. സത്യം കുംഭകോണം ഉള്‍പ്പെടെ ഒമ്ബത് കേസുകളാണ് ഈ കമ്ബനി നേരിടുന്നത്. ടെന്‍ഡര്‍ വിളിക്കാതെയാണ് കമ്ബനിക്ക് കരാര്‍ ഏല്‍പ്പിച്ചത്. 2017 മുതല്‍ കേരളം കമ്ബനിക്ക് കരാര്‍ നല്‍കുന്നതായും ചെന്നിത്തല ആരോപിച്ചിരുന്നു.
പ്രതിപക്ഷ നേതാവിന്റെ അഴിമതി ആരോപണത്തിന് ശേഷം വാര്‍ത്തസമ്മേളനം നടത്തിയ ഗതാഗതമന്ത്രി ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയിരുന്നില്ല. ഫയല്‍ പരിശോധിച്ച ശേഷം കൃത്യമായ മറുപടി നല്‍കാമെന്നായിരുന്നു ഗതാഗത മന്ത്രി പറഞ്ഞത്. ശേഷമാണ് ഇന്ന് രാവിലെ വിശദീകരണവുമായി ഗതാഗത വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്.
