ബംഗളൂരു മയക്കുമരുന്ന് കേസ്: ബിനീഷിനെ കുരുക്കി അനൂപ്, വെളിപ്പെടുത്തല്‍ എന്‍ഫോഴ്സ്‌മെന്റിനോട്

ബംഗളൂരു: മയക്കുമരുന്ന് കേസില്‍ മുഖ്യപ്രതിയായ അനൂപ് മുഹമ്മദിന്റെ വെളിപ്പെടുത്തല്‍ ബിനീഷ് കോടിയേരിക്ക് കുരുക്കാവുന്നു. ബിനീഷ് പറഞ്ഞതനുസരിച്ചാണ് മറ്റുളളവര്‍ ബിസിനസില്‍ പണം നിക്ഷേപിച്ചതെന്നാണ് എന്‍ഫോഴ്സമെന്റ് കഴിഞ്ഞദിവസം ചോദ്യംചെയ്യപ്പോ അനൂപ് മൊഴി നല്‍കിയത്. ഈ നിര്‍ണായക വെളിപ്പെടുത്തലാണ് ബിനീഷിന് കുരുക്കായിരിക്കുന്നത്.

ഇങ്ങനെ പണം നല്‍കിയവരില്‍ മലയാളികളും ഉണ്ടെന്നും 50 ലക്ഷത്തില്‍ അധികം രൂപ അനൂപ് ഈ രീതിയില്‍ സമാഹരിച്ചിട്ടുണ്ടെന്നുമാണ് എന്‍ഫോഴ്സ്‌മെന്റ് കണ്ടെത്തിയിരിക്കുന്നത്. ബിനാമി ഇടപാടുകളും സംശയിക്കുന്നുണ്ട്. പണം നിക്ഷേപിച്ചവരെ കണ്ടെത്തി ചോദ്യംചെയ്യും. ഇതിനായി ഉടന്‍തന്നെ നോട്ടീസ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ മൊഴികള്‍ അനുസരിച്ചായിരിക്കും ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യണോ എന്ന് തീരുമാനിക്കുന്നത്. കഴിഞ്ഞദിവസം ബിനീഷിനെ എന്‍ഫോഴ്സ്‌മെന്റ് ചോദ്യംചെയ്ത് വിട്ടയച്ചെങ്കിലും ക്ളീന്‍ചിറ്റ് നല്‍കിയിരുന്നില്ല. ചോദ്യംചെയ്യലില്‍ താന്‍ നേരത്തേ പറഞ്ഞമൊഴികളില്‍ ബിനീഷ് ഉറച്ചുനിന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ബംഗളൂരുവില്‍ പലയിടങ്ങളിലും അനൂപ് ഹോട്ടലുകള്‍ ഏറ്റെടുത്ത് നടത്തിയിരുന്നു. ഇത് മറയാക്കി ലഹരി കടത്തിനുവേണ്ടി സമാഹരിച്ച പണം വകമാറ്റിയോ എന്നും പരിശോധിക്കുന്നുണ്ട്. ഇക്കാര്യത്തെക്കുറിച്ചും എന്‍ഫോഴ്സ്‌മെന്റ് ബിനീഷിനോട് ചോദിച്ചിരുന്നു. എന്നാല്‍ ഇതിന് അദ്ദേഹം എന്ത് മറുപടി പറഞ്ഞു എന്ന് വ്യക്തമല്ല. പണം നിക്ഷേപിച്ചവരെക്കൂടി ചോദ്യംചെയ്യുന്നതോടെ അന്വേഷണം കൂടുതല്‍ ഉന്നതരിലേക്ക് എത്തുമെന്നാണ് കരുതുന്നത്.

prp

Leave a Reply

*