കൊച്ചി: കരിപ്പൂരില്‍ സ്വര്‍ണക്കടത്തു പിടികൂടുന്നതിനിടെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്.ഐ.) ഉദ്യോഗസ്ഥരെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ കസ്റ്റംസ് വിചാരണ നടപടികളിലേക്ക്. കേസില്‍ 15 പേര്‍ക്കെതിരേ കസ്റ്റംസ് കൊച്ചി പ്രിവന്റീവ് യൂണിറ്റ് എറണാകുളം സാമ്ബത്തിക കോടതിയില്‍ ക്രിമിനല്‍ കംപ്ലെയിന്റ് ഫയല്‍ ചെയ്തു. വധശ്രമത്തിന് പൊലീസ് കേസ് നിലനില്‍ക്കേയാണ് ഡി.ആര്.ഐ.യുടെ ആവശ്യപ്രകാരം കസ്റ്റംസ് വിചാരണ നടപടികളിലേക്ക് കടന്നത്.
കാറോടിച്ചിരുന്ന കോഴിക്കോട് മുക്കം സ്വദേശി പി. നിസാറിനെ (26) ഡി.ആര്.ഐ. സംഘം സംഭവസ്ഥലത്ത് ഓടിച്ചിട്ടു പിടിച്ചു. കാറിലുണ്ടായിരുന്ന അരീക്കോട് പത്തനാപുരം സ്വദേശി ഫസല്‍ ശരീരത്തില്‍ ഒളിപ്പിച്ചിരുന്ന സ്വര്‍ണം പാടത്ത് ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടിരുന്നു. ഡി.ആര്.ഐ.യുടെ പരാതിയെത്തുടര്‍ന്ന് കൊണ്ടോട്ടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
നിസാറിന് പുറമേ മലപ്പുറം സ്വദേശികളായ പി. അബ്ദുള്‍ സലാം, കെ. അബ്ദദുള്‍ ജലീല്‍, വി. പ്രഭാത്, പി. മുഹമ്മദ് സാബിക്, ഷിഹാബുദ്ദീന്, കോഴിക്കോട് സ്വദേശികളായ ഫസ്ലു റഹ്മാന് കോറോത്ത്, സമീര്‍ മഞ്ഞൂരമ്മല്, എ.കെ. നിസാര്‍, സി. ഷമീര്‍, ഫസ്ലു റഹ്മാന് വലിയ പീടിയേക്കല്‍, ടി.പി. അഫ്നാസ്, എ.കെ. മുഹമ്മദ് ഷെഫീഖ്, പി.പി. മുഹമ്മദ് ബാസില്‍, മുജീബ് റഹ്മാന് എന്നിവര്‍ക്കെതിരേയാണ് ക്രിമിനല്‍ കംപ്ലൈന്റ് ഫയല്‍ ചെയ്തിരിക്കുന്നത്. കോടതി പരിശോധിച്ച ശേഷം വിചാരണയ്ക്ക് അനുമതി നല്‍കും.
കരിപ്പൂര്‍ വിമാനത്താവളത്തിനടുത്ത് 2020 സെപ്റ്റംബറില്‍ സ്വര്‍ണക്കടത്തിന് നീക്കം നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് രണ്ട് ഡി.ആര്.ഐ. ഉദ്യോഗസ്ഥര്‍ പ്രതികളുടെ കാറിന് കുറുകെ ഇരുചക്രവാഹനം നിര്‍ത്തി തടഞ്ഞു. അടുത്തേക്ക് ചെല്ലവേ സംഘം കാര്‍ മുന്നോട്ടെടുത്ത് ഉദ്യോഗസ്ഥരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാര്‍ സമീപത്തെ ഇലക്ട്രിക് പോസ്റ്റിലിടിച്ചു. ഡി.ആര്.ഐ. കൊച്ചി യൂണിറ്റ് ഉദ്യോഗസ്ഥന് ആല്‍ബര്‍ട്ട്, ഡ്രൈവര്‍ നജീബ് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

