തൃപ്പൂണിത്തുറ: തെരുവുനായയുടെ കടിയും കൊണ്ട് മിണ്ടാതെ വീട്ടില് പോകേണ്ട കാലം കഴിഞ്ഞത് പലരും അറിഞ്ഞിട്ടില്ല. നഷ്ടപരിഹാരം നല്കാന് സര്ക്കാരിനും തദ്ദേശ സ്ഥാപനങ്ങള്ക്കും ബാദ്ധ്യതയുണ്ട്. ഇക്കാര്യങ്ങള് പരിശോധിക്കാന് ജസ്റ്റിസ് സിരിജഗന് കമ്മിറ്റിയുമുണ്ട്. സംസ്ഥാനത്ത് വര്ഷം ഒരു ലക്ഷത്തിലധികം പേര് തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നതായാണ് കണക്ക്. ഇതില് ബഹുഭൂരിപക്ഷവും പാവപ്പെട്ടവരുമാണ്.
നഷ്ടപരിഹാരത്തിന് വെള്ളക്കടലാസില് അപേക്ഷ നല്കണം. ചികിത്സ, വാഹന റിപ്പയറിംഗ് ചെലവുകളുടെ ബില്ല് ഒപ്പംവേണം. സംഭവം നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തില് നിന്ന് കമ്മിറ്റി വിശദീകരണം തേടും. നഷ്ടപരിഹാരത്തുക നിശ്ചയിച്ച് സുപ്രീം കോടതിയെ അറിയിക്കും. സുപ്രീംകോടതി സംസ്ഥാന സര്ക്കാരുകള് വഴി തദ്ദേശ സ്ഥാപനങ്ങള്ക്ക് നിര്ദ്ദേശം നല്കും.
ജസ്റ്റിസ് സിരിജഗന് കമ്മിറ്റി
തെരുവുനായയുടെ ആക്രമണത്തില് പരിക്കേല്ക്കുന്ന ഇരുചക്ര വാഹന യാത്രക്കാര് ഉള്പ്പെടെയുള്ളവര്ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്ന മൂന്നംഗ സമിതി. സുപ്രീം കോടതി വിധി പ്രകാരം 2016 സെപ്തംബറില് നിലവില് വന്നു. ആരോഗ്യ ഡയറക്ടര്, നിയമ സെക്രട്ടറി എന്നിവരാണ് മറ്റംഗങ്ങള്. വളര്ത്തുനായകള് ഈ കമ്മിറ്റിയുടെ പരിഗണനയില് വരില്ല.
അതേസമയം, സര്ക്കാര് സഹായം കിട്ടാതെ കമ്മിറ്റി പ്രതിസന്ധിയിലാണ്. ശമ്ബളം മുടങ്ങി. നോട്ടീസ് അയയ്ക്കാനുള്ള ചെലവുകള്ക്കു പോലും ഫണ്ടില്ല. മറ്റ് ജില്ലകളില് സിറ്റിംഗ് നടത്തിയിട്ട് മൂന്നു വര്ഷമായി.
2,582 കേസുകള്
2016 മുതല് 2021 ജൂണ് വരെ പരിഹരിച്ചു. നഷ്ടപരിഹാരമായി 5000 മുതല് 18 ലക്ഷം രൂപ വരെ നല്കി.
2016-391
2017-560
2018-705
2019-564
2020-705
2021-307
(650 കേസുകള് സുപ്രീംകോടതിയുടെ പരിഗണനയില്)
വിലാസം-
ജസ്റ്റിസ് സിരിജഗന് കമ്മിറ്റി,
കോര്പ്പറേഷന് ബില്ഡിംഗ്,
പരമാര റോഡ്, നോര്ത്ത്
എറണാകുളം
ബിജുവിന് രണ്ടാം ജന്മം
ഇരിങ്ങാലക്കുട കല്ലേറ്റുംകരയില് പാറക്കല് വീട്ടില് ബിജുവിന്റെ നരക ജീവിതത്തിന് അഞ്ച് വര്ഷമാകുന്നു. 2016 ജൂണിലെ ഒരു രാത്രി ബൈക്കിനു വട്ടം ചാടിയ നായയായിരുന്നു വില്ലന്. നട്ടെല്ലിനേറ്റ പരിക്കിനെ തുടര്ന്ന് ആശുപത്രികളിലായി ജീവിതം. വാച്ച് റിപ്പയറിംഗ് ജോലിക്കാരനായ ബിജുവിന് ചികിത്സപോലും നാട്ടുകാരുടെ തുണയാലാണ്. 2017ല് ജസ്റ്റിസ് സിരിജഗന് കമ്മിറ്റി 18 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചതാണ് ആശ്വാസമായത്.
ഇപ്പോള് വടികുത്തി വീടിനുള്ളില് നടക്കാനാവും. അമൃത ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കു വേണ്ടിവന്നത് 15 ലക്ഷത്തോളം രൂപ. മരുന്നുകള്ക്ക് വേണം മാസം 25,000 രൂപ. മാതാപിതാക്കള് ഉള്പ്പെടെ അഞ്ചു പേരുടെ അത്താണിയാണ് ബിജു. രജനിയാണ് ഭാര്യ. ആദിത്യ, അനുശ്രീ എന്നിവര് മക്കളാണ്.

