കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ കുരുക്ക് മുറുകുന്നു.
സംവിധായകനും, ദിലീപിന്റെ സുഹൃത്തുമായ ബാലചന്ദ്രകുമാറിന്റെ നിര്‍ണായക വെളിപ്പെടുത്തലുകളാണ് കേസില്‍ വഴിത്തിരിവായത്.
ഈ സാഹചര്യത്തില്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയെടുക്കാന്‍ എറണാകുളം സി.ജെ.എം. കോടതി അനുമതി നല്‍കി. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കേസില്‍ തുടരന്വേഷണവും ആരംഭിച്ചിരുന്നു.
കോടതി അനുമതി പ്രകാരം അടുത്തദിവസം തന്നെ മജിസ്‌ട്രേറ്റ് ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തും.
അക്രമ ദൃശ്യങ്ങള്‍ ദിലീപിന് വീട്ടിലെത്തിച്ച് നല്‍കിയതായും, വിഐപി അടക്കമുള്ളവര്‍ ഈ ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലിരുന്ന് കണ്ടതായും ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിരുന്നു.
ദിലീപിന്റെ ജയില്‍ വാസത്തിന് കാരണക്കാരനായ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്തുമെന്നും ദിലീപ് പറഞ്ഞതായാണ് വെളിപ്പെടുത്തല്‍.
ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായും നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദീലിപിന് ലഭിച്ചിരുന്നതായും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.

