ന്യൂഡല്‍ഹി:അതിവേഗം പടര്‍ന്നുപിടിക്കുന്ന കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഡെല്‍റ്റാ വൈറസുകള്‍ക്കെതിരെ തങ്ങളുടെ വാക്‌സിന്‍ ഫലപ്രദമാണെന്ന് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍. കമ്ബനിയുടെ കൊവിഡ് പ്രതിരോധ ഒറ്റ ഡോസ് വാക്‌സിന്‍ ഡെല്‍റ്റാ വകഭേദത്തെ ശക്തമായി ചെറുക്കുന്നുണ്ട്. ഡെല്‍റ്റാ വകഭേദം മാത്രമല്ല മറ്റ് ഭേദങ്ങള്‍ക്കും ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്‌സിന്‍ ഫലപ്രദമാണെന്ന് കമ്ബനി പറയുന്നു.
ഇന്ത്യയില്‍ വാക്‌സിന് ക്ളിനിക്കല്‍ പഠനം ആവശ്യമില്ലെന്ന് കമ്ബനി അറിയിച്ചതിന് പിന്നാലെയാണ് നിര്‍ണായകമായ ഈ വിവരവും അറിയിച്ചത്. നിലവില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെന്നും ഈ മാസം തന്നെ ഇന്ത്യയില്‍ വാക്‌സിന്‍ ലഭ്യമാകുമെന്നുമാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ നല്‍കുന്ന വിവരം.
ലോകാരോഗ്യ സംഘടന നല്‍കുന്ന വിവരമനുസരിച്ച് ലഘുവായതും നേരിയതുമായ ലക്ഷണങ്ങളുളള കൊവിഡ് രോഗത്തോട് 66.3 ശതമാനം ഫലപ്രാപ്‌തിയാണ് വാക്‌സിന്‍ പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ ഗുരുതര രോഗമുളളവരില്‍ ഇത് 76.3 ആണ്. വാക്‌സിന്‍ സ്വീകരിച്ച നാലാഴ്‌ച കഴിഞ്ഞവരില്‍ 100 ശതമാനത്തിനും ആശുപത്രിയില്‍ കഴിയേണ്ടി വന്നില്ല.
ഈ വര്‍ഷം ഫെബ്രുവരിയിലാണ് അമേരിക്ക ജോണ്‍സണ്‍ ആന്റ ജോണ്‍സന്റെ ഒറ്റ ഡോസ് വാക്‌സിന് അംഗീകാരം നല്‍കിയത്. എന്നാല്‍ വൈകാതെ വാക്‌സിനെടുക്കുന്നവരില്‍ രക്തം കട്ടപിടിക്കുന്ന പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. മേയ് മാസത്തിലാണ് ബ്രിട്ടണ്‍ വാക്‌സിന് അംഗീകാരം നല്‍കിയത്.
ഇന്ത്യയില്‍ ഇതുവരെ 34 കോടി ഡോസ് വാക്‌സിന്‍ നല്‍കി. ആകെ 4.23 ശതമാനം പേര്‍ക്കാണ് പൂര്‍ണമായും വാക്‌സിനേഷന്‍ നടപ്പാക്കിയത്. വാക്‌സിന്‍ വിതരണം ത്വരിതപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്.

