ന്യൂഡല്‍ഹി: ഞായറാഴ്ച വൈകുന്നേരം മുതല്‍ നാലുദിവസം ഡല്‍ഹിയില്‍ സംഘ്പരിവാരിന്െറ നേതൃത്വത്തില്‍ അരങ്ങേറിയ കലാപത്തിന് ചൂട്ടുപിടിച്ച് ഡല്‍ഹി പൊലീസും. നാലു ദിവസങ്ങളിലായി 13,200 ഫോണ്‍ വിളികളാണ് സഹായമഭ്യര്‍ഥിച്ച് ഡല്‍ഹിയിലെ രണ്ടുപൊലീസ് സ്റ്റേഷനുകളിലേക്കായി എത്തിയത്. അതില്‍ നടപടി എടുത്ത കേസുകള്‍ പൂജ്യവും.
ഫെബ്രുവരി 23 മുതല്‍ 26 വരെ രണ്ടു പൊലീസ് സ്റ്റേഷനുകളിലേക്കും എത്തിയ ഫോണ്‍ വിളികളുടെ വിശദ വിവരങ്ങള്‍ രജിസ്റ്ററില്‍ കുറിച്ചുവെച്ചിട്ടുണ്ട്. ഞായറാഴ്ച 700, 24ന് 3500, 25ന് 7500, 26ന് 1500 എന്നിങ്ങനെയാണ് സ്റ്റേഷനുകളില്‍ സഹായം അഭ്യര്‍ഥിച്ച് വിളിച്ച കോളുകളുടെ എണ്ണം. രജിസ്റ്ററിലെ എട്ടുപേപ്പറുകളിലാണ് പരാതികള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഓരോ പേപ്പറിലും പരാതിയുടെ വിവരങ്ങളും. എന്നാല്‍ അതിനുനേരെ എന്തു നടപടി സ്വീകരിച്ചുവെന്ന കോളത്തില്‍ ഇതുവരെ ഒന്നില്‍ പോലും സ്വീകരിച്ച നടപടി രേഖപ്പെടുത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
കൂടുതലും വെടിവെപ്പ്, വാഹനങ്ങളും വീടുകളും തീവെച്ചു നശിപ്പിക്കല്‍, കല്ലെറിയല്‍ തുടങ്ങിയ പരാതികളാണ്. ഇതില്‍ മിക്ക കേസുകളിലും നടപടി സ്വീകരിക്കാന്‍ പൊലീസ് തയാറായിട്ടില്ലെന്നും എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് െചയ്തു.
യമുന വിഹാറില്‍ താമസിക്കുന്ന ബി.ജെ.പി കൗണ്‍സിലര്‍ ഉള്‍പ്പെടെ പൊലീസ് സ്റ്റേഷനിലേക്ക് നിരന്തരം വിളിച്ചിട്ടും ഫോണെടുക്കാന്‍ പൊലീസുകാര്‍ തയാറായിരുന്നില്ല. ശിവ് വിഹാറിലെ രാജധാനി പബ്ലിക് സ്കൂളില്‍ 60 മണിക്കൂറോളം കലാപകാരികള്‍ അഴിഞ്ഞാടിയിരുന്നു. സ്കൂള്‍ ഉടമസ്ഥന് ഫൈസല്‍ ഫാറൂഖ് സ്റ്റേഷനിലേക്ക് വിളിച്ച് പറഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷവും അവര്‍ സ്ഥലെത്തത്തിയില്ല. ശിവ് വിഹാര്‍ കരാവല്‍ െപാലീസ് സ്റ്റേഷന് കീഴിലാണ്.

