മലപ്പുറം: നാട്ടുവൈദ്യന്റെ കൊലയും ബ്ലൂ പ്രിന്റ് തയ്യാറാക്കി ഗള്‍ഫില്‍ നടത്തിയ രണ്ട് കൊലപാതകങ്ങളുടെ ആസൂത്രണവും മുഖ്യപ്രതി ഷൈബിന്‍ തെളിവു നശിപ്പിക്കാന്‍ സ്വീകരിച്ച രീതിയും പ്രൊഫഷണല്‍ ക്രിമിനലുകളെ വെല്ലുന്നതാണെന്ന് പൊലീസ്.
ഓരോനീക്കവും കൃത്യമായി ആസൂത്രണം ചെയ്യുന്ന അതിബുദ്ധിമാനായ കൊടുംക്രിമിനലെന്നും ഷൈബിനെ പൊലീസ് വിശേഷിപ്പിക്കുന്നു. മൈസൂരുവില്‍ നിന്ന് തട്ടിക്കൊണ്ടു വന്ന നാട്ടുവൈദ്യനെ ഒന്നേകാല്‍ വര്‍ഷം ഇയാള്‍ സ്വന്തം വീടിന്റെ ഒന്നാം നിലയില്‍ ഒളിപ്പിച്ചു പീഡിപ്പിച്ചിട്ടും അയല്‍വാസികള്‍ പോലുമറിഞ്ഞില്ലെന്നത് ഇതിന് തെളിവാണ്.
വര്‍ഷങ്ങളായി ഗള്‍ഫിലായിരുന്ന വയനാട് ബത്തേരി സ്വദേശിയായ ഷൈബിന്‍ അഞ്ചുവര്‍ഷം മുമ്ബാണ് നിലമ്ബൂര്‍ മുക്കട്ടയില്‍ ആഡംബര വീട് വാങ്ങിയത്. യാതൊരു ബന്ധങ്ങളും ഇയാള്‍ക്ക് ഇവിടെ ഇല്ലായിരുന്നു. ഷൈബിനെ നിലമ്ബൂരില്‍ കൂടുതലായി കണ്ടുതുടങ്ങിയിട്ട് രണ്ടുകൊല്ലമേ ആയിട്ടുള്ളൂ. ഗൃഹപ്രവേശത്തിന് അയല്‍വാസികളെ ക്ഷണിച്ചതൊഴിച്ചാല്‍ ആരേയും വീട്ടിലേക്ക് അടുപ്പിച്ചിരുന്നില്ല. നിലമ്ബൂരിലെ വീടും ബത്തേരിയില്‍ നിര്‍മ്മാണത്തിലുള്ള ആഡംബര വസതിയും കൂറ്റന്‍ മതില്‍ക്കെട്ടിനുള്ളിലാണ്.
താന്‍ കരള്‍മാറ്റ ശസ്ത്രക്രിയ നടത്തിയെന്നും അണുബാധ ഉണ്ടാകാതിരിക്കാന്‍ ആരും കാണാന്‍ വരരുതെന്നും ഷൈബിന്‍ പ്രചരിപ്പിച്ചിരുന്നു. വീട്ടിലേക്ക് ആരും വരാതിരിക്കാനുള്ള അടവായിരുന്നു ഇത്. വൈദ്യനെ വീട്ടില്‍ തടങ്കലിലാക്കിയതിന് പിന്നാലെയായിരുന്നു ഈ പ്രചാരണം. റോഡ് വികസനവുമായി ബന്ധപ്പെട്ട് ഷൈബിന്റെ വീടിന്റെ മുന്‍വശത്തെ മതില്‍ പൂര്‍ണ്ണമായും പൊളിച്ചിരുന്നു. പിന്നാലെ വീട്ടിലേക്കുള്ള കാഴ്ച മറയ്ക്കുന്നതിനായി രണ്ടാള്‍പൊക്കത്തില്‍ പ്ലാസ്റ്റിക് ഷീറ്റ് കെട്ടി. താത്കാലികമായി സ്ഥാപിച്ച ഗേറ്റടക്കം ഷീറ്റ് കൊണ്ട് മറച്ചു.
300 കോടിയുടെ ആസ്തിയെന്ന് അവകാശവാദം
300 കോടിയോളം രൂപയുടെ ആസ്തി തനിക്കുണ്ടെന്നാണ് ഷൈബിന്‍ അവകാശപ്പെട്ടിരുന്നത്. നിലമ്ബൂരിലെ വീടിന് പുറമെ ബത്തേരിയില്‍ രണ്ട് വീടുകളുണ്ട്. ബത്തേരിയില്‍ മറ്റൊരു ആഡംബര വീടിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. സാധാരണ കുടുംബത്തിലാണ് പിറന്നത്. പ്ലസ്ടുവാണ് യോഗ്യത. പത്തുവര്‍ഷം മുമ്ബാണ് ഗള്‍ഫില്‍ പോയത്. തുടര്‍ന്ന് സാമ്ബത്തിക വളര്‍ച്ച അതിവേഗത്തിലായിരുന്നു. ഡീസല്‍ വ്യാപാരമാണെന്നാണ് ബന്ധുക്കളോട് ഉള്‍പ്പെടെ പറഞ്ഞിരുന്നത്.
ദുരൂഹമായ സാമ്ബത്തിക ഇടപാടുകളാണ് ഇയാള്‍ നടത്തിയിരുന്നതെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. അബുദാബിയില്‍ സ്വന്തമായി റെസ്റ്റോറന്റുണ്ട്. പാര്‍ട്ണറുടെ മരണത്തിനുശേഷം ഇയാള്‍ അബുദാബിയിലേക്ക് പോയിട്ടില്ല. പ്രവേശന വിലക്കുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ബത്തേരി പൊലീസില്‍ ഒരാളെ മര്‍ദ്ദിച്ചതിന് കേസുണ്ടായിരുന്നത് ഒത്തുതീര്‍പ്പാക്കി. വാഹനാപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുന്നംകുളം സ്റ്റേഷനില്‍ കേസുണ്ട്. ഷൈബിനെ മഞ്ചേരി സബ്ജയിലില്‍ പ്രവേശിപ്പിച്ച ശേഷം പരിസരത്ത് കുപ്രസിദ്ധരായ കൊടുംക്രിമിനലുകളുടെ സാന്നിദ്ധ്യമുള്ളതായി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

