
കൊവിഡ് ഗുരുതരമായി ബാധിച്ചവരെയും മിതമായ രീതിയില്‍ ബാധിച്ചവരെയും ചികിത്സിക്കാന്‍ ചെലവുകുറഞ്ഞ സ്റ്റിറോയ്ഡ് ആയ ഡെക്സാമെതസോണ്‍ ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി.
മിതൈല്‍ പ്രഡ്നിസലോണിന് പകരമായി ഇത് ഉപയോഗിക്കാനാണ് അനുമതി. ക്ലിനിക്കല്‍ മാനേജുമെന്റ് പ്രോട്ടോക്കോളിലാണ് ഈ മാറ്റം ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചത്. ഈ മാസം ആദ്യം മാന്വലില്‍ കൊവിഡിന്റെ പുതിയ ലക്ഷണങ്ങളായി ഗന്ധവും രുചിയും നഷ്ടപ്പെടുന്നത് മന്ത്രാലയം കൂട്ടിച്ചേര്‍ത്തിരുന്നു.

ഡെക്സാമെത്തസോണ്‍-ചിത്രം റോയിട്ടേഴ്സ്
സന്ധിവാതം പോലുള്ള രോഗങ്ങള്‍ക്കും വീക്കം കുറയുന്നതിനും ഉപയോഗിക്കുന്നതാണ് ഡെക്സാമെതസോണ്‍. രാജ്യത്ത് 60 വര്‍ഷത്തിലേറെയായി വിപണിയിലുള്ളതാണ് കുറഞ്ഞ ചെലവിലുള്ള ഡെക്സാമെതസോണ്‍ സ്റ്റിറോയ്ഡ്.
നേരത്തെ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നടത്തിയ ഗവേഷണത്തില്‍ ഡെക്സമെതസോണ്‍ ഉപയോഗിക്കുന്നത് ഗുണകരമാണെന്ന് ഒരു സംഘം ഗവേഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. വെന്റിലേറ്ററിന്റെ സഹായം അനിവാര്യമായ രോഗികളില്‍ ഡെക്സാമെതസലോണ് നല്കിയപ്പോള് മരണം 35 ശതമാനം വരെ കുറയ്ക്കാനായി എന്നായിരുന്നു ആ ഗവേഷണ ഫലം.
കൊവിഡ് രോഗം ഗുരുതരമായി ബാധിച്ചവര്‍ക്ക് മാത്രമേ ഡെക്സമെതസോണ്‍ നല്‍കാവൂ എന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം അഞ്ച് ലക്ഷം പിന്നിട്ട സാഹചര്യത്തില്‍ രോഗ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള എല്ലാ സാധ്യതകളും പരിശോധിക്കുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍.
