ശാസ്താംകോട്ട: കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ വിസ്മയ എന്ന പെണ്‍കുട്ടിയെ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത കിരണിനു മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നോയെന്ന് പോലീസ് പരിശോധിക്കും. കിരണ്‍ വീഡിയോ ഗെയിം ആപ്പുകള്‍ സ്ഥിരമായി ഉപയോഗിച്ചിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.
മാനസികാരോഗ്യ, സാങ്കേതിക, ശാസ്ത്രീയ വിദഗ്ധരുടെ സഹായവും കേസില്‍ അന്വേഷണസംഘം തേടും. കോവിഡ് ബാധിതനായി നെയ്യാറ്റിന്‍കര സബ് ജയിലില്‍ കഴിയുന്ന കിരണിനെ നെഗറ്റീവാകുന്ന മുറയ്ക്ക് വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസ് നീക്കം. അറസ്റ്റിലായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കിരണ്‍കുമാറിനെതിരെ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസിന്റെ ശ്രമം.
ഭര്‍ത്താവ് കിരണിന്റെ പീഡനമാണ് മരണത്തിന് ഇടയാക്കിയതെന്നായിരുന്നു സംഭവം പുറത്തുവന്നതിനുശേഷം ഉയര്‍ന്ന പ്രധാന ആരോപണം. ഇത് സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങളില്‍ ചിലത് കിരണിനെ പ്രതിക്കൂട്ടില്‍ ആക്കുന്നതുമായിരുന്നു. ഈ സമയം കിരണ്‍ വീട്ടില്‍ നിന്നും മുങ്ങുകയും ചെയ്തിരുന്നു. ഇതോടെ ഇയാളുടെ ക്രൂരതകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവരികയും ശക്തമായ ജനരോഷം ഉയരുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് കിരണിനു കോവിഡ് 19 സ്ഥിരീകരിച്ചത്. പ്രതിയെ വിസ്മയയുടെ വീട്ടിലെത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്താനിരിക്കെയാണ് കോവിഡ് പോസിറ്റീവായത്. ശാസ്താംകോട്ട പൊലീസിന്റെ കസ്റ്റഡിയിലുള്ള കിരണിനെ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റി.

