ബീജിങ്: കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ ചൈന രണ്ടു നഗരങ്ങള്‍ അടച്ചു. വടക്കന്‍ ചൈനയിലെ ഹെബെയ് പ്രവിശ്യയിലുള്ള ഷിജിയസുവാങ്, ഷിങ്ടായ് നഗരങ്ങളാണ് പൂര്‍ണമായും അടച്ചിട്ടത്. 1.1 കോടി ജനങ്ങളുണ്ട് ഷിജിയസുവാങ്ങി. ഷിങ്ടായിയില് 70 ലക്ഷമാണു ജനസംഖ്യ. ലോകത്ത് തന്നെ കനത്ത നാശം വിതച്ച കൊവിഡ് 19ന്റെ പ്രഭവ കേന്ദ്രം വുഹാന്‍ ഉള്‍പ്പെടെ നഗരങ്ങള്‍ സാധാരണ നിലയിലേക്കു മടങ്ങിയെത്തിയെന്നു ചൈന അവകാശപ്പെടുന്നതിനിടെയാണു വീണ്ടും അടച്ചിടല്‍ പ്രഖ്യാപനം. ഹെബെയ് പ്രവിശ്യയില്‍ 127 പേര്‍ക്ക് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചതിനു പിന്നാലെ 183 പേര്‍ക്ക് ലക്ഷണങ്ങളില്ലാതെ വൈറസ് ബാധിച്ചതായി കണ്ടെത്തി. ഇതോടെയാണു നഗരങ്ങള്‍ അടയ്ക്കാന്‍ തീരുമാനിച്ചത്. ഇരു നഗരങ്ങളിലേക്കും പുറത്തേക്കുമുള്ള റെയ്ല്, റോഡ്, വ്യോമ ഗതാഗതം പൂര്‍ണമായി നിരോധിച്ചു. ഇവിടത്തെ താമസക്കാര്‍ അടിയന്തരാവശ്യത്തിനല്ലാതെ വീടിനു പുറത്തിറങ്ങരുതെന്നും നിര്‍ദേശം.

