ന്യൂഡല്‍ഹി: കൊറോണ പ്രതിരോധ വാക്‌സിനായ കൊവിഷീല്‍ഡിന്റെ വില കുറച്ച് കേന്ദ്ര സര്‍ക്കാര്‍. ഒരു ഡോസിന് 157.50 രൂപയായാണ് കുറച്ചത്. നേരത്തെ ഈടാക്കിയിരുന്നത് 210 രൂപയാണ്. രണ്ടാം ഘട്ട വാക്‌സിനേഷനില്‍ രാജ്യത്തെ 27 കോടി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് വില കുറച്ചത്.
വില കുറച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയം ഔദ്യോഗികമായ അറിയിപ്പുകള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ വാക്‌സിന്റെ 150 രൂപയ്ക്ക് നല്‍കാമെന്ന് കമ്ബനി അറിയിച്ചതായി ആരോഗ്യ മന്ത്രാലയം രാജ്യസഭയില്‍ പറഞ്ഞിരുന്നു. ആസ്ട്രാസെനക്കയും ഓക്‌സ്ഫഡ് സര്‍വ്വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ച സെറം ഇന്‍സ്റ്റിറ്റിയൂട്ട് പുറത്തിറക്കിയ വാക്‌സിനാണ് കൊവിഷീല്‍ഡ്.
വാക്‌സിന്റെ വിലയോടൊപ്പം അഞ്ച് ശതമാനം ജിഎസ്ടി കൂടി ഉള്‍പ്പെടുത്തിയാണ് വില 157.50 രൂപയാകുന്നത്. ഇതിനകം കൊറോണ വാക്‌സിനുകള്‍ക്ക് കേന്ദ്രം സബ്‌സിഡി നല്‍കുന്നതിനാല്‍ സ്വകാര്യ ആശുപത്രികളില്‍ കുത്തിവെപ്പ് എടുക്കുന്ന ആളുകളില്‍ നിന്ന് ഈടാക്കുന്ന അന്തിമ വിലയില്‍ മാറ്റമുണ്ടാകില്ല. രാജ്യത്ത് മാര്‍ച്ച് ഒന്ന് മുതലാണ് രണ്ടാം ഘട്ട വാക്‌സിനേഷന്‍ ആരംഭിച്ചത്.

