കൊവിഡ് വന്നുപോയവര്‍ക്കും വാക്‌സിന്‍

തിരുവനന്തപുരം: കൊവിഡ് രോഗം ബാധിക്കുകയും പിന്നീട് ഭേദമായവരും പ്രതിരോധ വാക്‌സിന്‍ എടുക്കണം. കൊവിഡ് ബാധിച്ചവര്‍ക്ക് രോഗമുക്തി നേടി നാലാഴ്ചയ്ക്കുള്ളിലാണ് വാക്‌സിന്‍ നല്‍കുക. രോഗം ഭേദമായെന്ന് കരുതി ആരും വാക്‌സിനേഷന്‍ എടുക്കാതിരിക്കരുതെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. രോഗബാധ മൂലം ശരീരത്തില്‍ പ്രതിരോധശേഷി ഉണ്ടാകുമെങ്കിലും ചുരുങ്ങിയ കാലത്തേക്ക് മാത്രമെ ഇത് നിലനില്‍ക്കൂവെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. രോഗബാധയ്ക്ക് ശേഷം ശരീരത്തിനുണ്ടാകുന്ന പ്രതിരോധ ശേഷിയെക്കാള്‍ കൂടുതലായിരിക്കും ബൂസ്റ്റര്‍ വാക്സിന്‍ കൂടി നല്‍കുന്നതോടെയുള്ള പ്രതിരോധശേഷി.

ആരോഗ്യപ്രവര്‍ത്തകരില്‍ തന്നെ കൊവിഡ് ബാധിതരായവര്‍ക്ക് നിലവില്‍ വാക്സിന്‍ നല്‍കില്ല. രോഗബാധയുമായി വാക്സിനേഷന് ചെല്ലുന്നത് രോഗം പകരാന്‍ ഇടയാക്കുമെന്നതിനാലാണിത്. രണ്ടുഘട്ടമായുള്ള വാക്സിന്‍ സ്വീകരിച്ചാലും പിന്നെയും 14 ദിവസത്തിന് ശേഷമെ കൊവിഡിനെ ചെറുക്കുന്ന ആന്റിബോഡികള്‍ പൂര്‍ണമായി ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടൂ. ആദ്യ വാക്സിന് 28 ദിവസം കഴിഞ്ഞാണ് രണ്ടാംഘട്ട വാക്സിന്‍ നല്‍കുകയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ രണ്ടാംഘട്ടത്തിലെ ബൂസ്റ്റര്‍ വാക്സിന്റെ സമയപരിധിയുടെ കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.

 വാക്സിന്‍ നല്‍കുന്ന രീതി

സംസ്ഥാനത്തെത്തിക്കുന്ന വാക്സിന്‍ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം കേന്ദ്രങ്ങളില്‍ നിന്നാവും വാക്സിനേഷന്‍ സെന്ററുകളിലെത്തിക്കുക. തലസ്ഥാനത്ത് നിന്ന് തിരുവനന്തപുരം,ആലപ്പുഴ, കൊല്ലം, പത്തനംതിട്ട കേന്ദ്രങ്ങളിലും കൊച്ചിയില്‍ നിന്ന് എറണാകുളം, ഇടുക്കി, കോട്ടയം, പാലക്കാട്, തൃശൂര്‍ കേന്ദ്രങ്ങളിലും കോഴിക്കോട്ട് നിന്ന് കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട്,മലപ്പുറം,വയനാട് കേന്ദ്രങ്ങളിലും നല്‍കും. ആകെ 133 കേന്ദ്രങ്ങളാണുള്ളത്. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ ഒരു കേന്ദ്രത്തില്‍ 100 പേര്‍ക്ക് വാക്സിന്‍ നല്‍കും. അത്തരത്തില്‍ പ്രതിദിനം 13,300 പേര്‍ക്കാണ് വാക്സിന്‍ നല്‍കുക. സര്‍ക്കാര്‍ മേഖലയിലെ 1,68,685ഉം സ്വകാര്യ മേഖലയിലെ 1,89,889 ഉം ഉള്‍പ്പെടെ 3,58 574 പേര്‍ക്കാണ് തുടക്കത്തില്‍ വാക്സിന്‍ നല്‍കുക. മുലയൂട്ടുന്ന അമ്മമാര്‍ക്കും ഗര്‍ഭിണികള്‍ക്കും വാക്സിന്‍ നല്‍കില്ല.

 വാക്സിനേഷന്‍ കേന്ദ്രം

വെയിറ്റിംഗ് ഏരിയ, വാക്സിനേഷന്‍ റൂം, ഒബ്സര്‍വേഷന്‍ റൂം കോള്‍ഡ് സ്റ്റോറേജ് എന്നിവയുള്‍പ്പെട്ടതാണ് വാക്സിനേഷന്‍ കേന്ദ്രം. ജില്ലാകളക്ടര്‍മാര്‍ക്കാണ് ഇതിന്റെ ചുമതല. കോള്‍ഡ് സ്റ്റോറേജിന് കേടുപാട് സംഭവിച്ചാല്‍ പകരം സംവിധാനമുണ്ട്. ജില്ലാതല ടാസ്ക്ഫോഴ്സും ഉണ്ടാകും.

prp

Leave a Reply

*