അസ്ട്രസെനെകയുടെ ട്രയലില്‍ പങ്കെടുത്ത സന്നദ്ധ പ്രവര്‍ത്തകന്‍ മരിച്ചു; കൊവിഡ് വാക്‌സിന്‍ നല്‍കിയിരുന്നില്ലെന്ന് റിപ്പോര്‍ട്ട്

അസ്ട്രസെനെകയുടെ ക്ലിനിക്കല്‍ ട്രയലില്‍ പങ്കെടുത്ത ബ്രസീലിയന്‍ സന്നദ്ധ പ്രവര്‍ത്തകന്‍ മരിച്ചു. ബ്രസീലിലെ ആരോഗ്യ അതോറിറ്റിയായ അന്‍വിസയാണ് ബുധനാഴ്ച്ച ഇക്കാര്യം പുറത്തുവിട്ടത്. സന്നദ്ധ പ്രവര്‍ത്തകന്‍്റെ മരണവിവരം തിങ്കളാഴ്ച്ച അറിയിച്ചതായും ഇതേ തുടര്‍ന്ന് ക്ലിനിക്കല്‍ ട്രയലിന്‍്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഭാഗിക റിപ്പോര്‍ട്ട് അന്താരാഷ്ട്ര സമിതിയില്‍ നിന്നും ലഭിച്ചതായും അന്‍വിസ വ്യക്തമാക്കി. ട്രയല്‍ തുടരാമെന്ന് സമിതി നിര്‍ദേശിച്ചതായും അന്‍വിസ പ്രസ്‌താവനയില്‍ പറഞ്ഞു. അതേ സമയം, ട്രയലില്‍ പങ്കെടുത്ത സന്നദ്ധ പ്രവര്‍ത്തകന് കൊവിഡ് വാക്‌സിന്‍ നല്കിയിട്ടില്ലെന്നു അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചു ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയായ അസ്ട്രസെനെകയുമായി ചേര്‍ന്നു ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത കോവിഷീല്‍ഡ്‌ വാക്‌സിന്‍ ക്ലിനിക്കല്‍ ട്രയല്‍ ഘട്ടത്തിലാണ്. വാക്‌സിന്‍ പരീക്ഷണവുമായി ബന്ധപ്പെട്ട് സുരക്ഷാ ആശങ്കകള്‍ ഇല്ലെന്നു ഓക്സ്ഫോര്‍ഡ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അസ്ട്രസെനെക പ്രതികരിച്ചിട്ടില്ല. എന്നാല്‍ മരിച്ച സന്നദ്ധ പ്രവര്‍ത്തകന് കൊവിഡ് വാക്‌സിനാണ് നല്കിയിരുന്നതെങ്കില്‍ വാക്‌സിന്‍ ട്രയല്‍ താല്‍കാലികമായി നിര്‍ത്തിവെക്കുമായിരുന്നുവെന്നു അടുത്ത വൃത്തങ്ങള്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. സന്നദ്ധ പ്രവര്‍ത്തകരില്‍ പകുതി പേര്‍ക്ക് കൊവിഡ് വാക്‌സിനും രണ്ടാമത്തെ ഗ്രൂപ്പിന് നിലവില്‍ ഉപയോഗിക്കുന്ന മെനിഞ്ചൈറ്റിസ്‌ വാക്‌സിനുമാണ് നല്‍കുന്നത്. സന്നദ്ധ പ്രവര്‍ത്തകര്‍ക്കോ അവരുടെ കുടുംബത്തിനോ ഏത് വാക്‌സിനാണ് ലഭിച്ചത് എന്ന് അറിയാന്‍ സാധിക്കില്ല. ഈ രണ്ട് ഫലങ്ങളും താരതമ്യം ചെയ്താണ് വാക്‌സിന്‍ ഫലപ്രദമാണോ എന്ന് ഗവേഷകര്‍ കണ്ടെത്തുന്നത്. ബ്രസീലിയന്‍ സന്നദ്ധ പ്രവര്‍ത്തകന് മെനിഞ്ചൈറ്റിസ്‌ വാക്‌സിനാണ് ലഭിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. സന്നദ്ധ പ്രവര്‍ത്തകനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ആദ്യത്തെ രണ്ട് ഘട്ടങ്ങളിലും വാക്‌സിന്‍ പരീക്ഷണം വിജയകരമായിരുന്നു. യുകെ, ബ്രസീല്‍, ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ വാക്‌സിന്‍ പരീക്ഷണം മൂന്നാം ഘട്ടത്തിലാണ്. നേരത്തെ യുകെയില്‍ വാക്‌സിന്‍ പരീക്ഷിച്ചയാള്‍ക്ക് അപ്രതീക്ഷിതമായി രോഗം പിടിപെട്ടതിനെ തുടര്‍ന്ന് ഏതാനും ദിവസത്തേക്ക് ക്ലിനിക്കല്‍ ട്രയല്‍ നിര്‍ത്തിവെച്ചിരുന്നു.

prp

Leave a Reply

*