നായകളുടെ വന്ധ്യംകരണം ; തടയിട്ടത്‌ കോടതി വിധി

കൊച്ചി

സംസ്ഥാനത്ത് കുടുംബശ്രീ വിജയകരമായി നടപ്പാക്കിയിരുന്ന തെരുവ്നായകളുടെ വന്ധ്യംകരണത്തിന് തടയിട്ടത് കോടതി വിധി.

അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ (എബിസി) പദ്ധതിക്കെതിരെ 2021 ഡിസംബറിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിറക്കിയത്. പദ്ധതിക്ക് വീണ്ടും അനുമതിതേടി സുപ്രീംകോടതിയെ സമീപിക്കാന്‍ മന്ത്രി എം ബി രാജേഷ് വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തില്‍ തീരുമാനിച്ചു. കുടുംബശ്രീയുടെ 144 അംഗങ്ങളായിരുന്നു പദ്ധതിയിലെ വളന്റിയര്‍മാര്‍. നായകളെ തെരുവില്‍നിന്ന് വന്ധ്യംകരണകേന്ദ്രത്തില്‍ എത്തിക്കല്‍, കൂട് ഒരുക്കല്‍, ഭക്ഷണവും മരുന്നും നല്‍കല്‍, തിരികെവിടല്‍ എന്നിവയായിരുന്നു ചുമതല.

മൃഗസംരക്ഷണവകുപ്പാണ് വന്ധ്യംകരണ ശസ്ത്രക്രിയക്കുള്ള സജ്ജീകരമൊരുക്കിയരുന്നത്. ചെലവ് തദ്ദേശസ്ഥാപനം വഹിച്ചു. തിരുവനന്തപുരത്ത് മാത്രം 26,262 നായകളെ വന്ധ്യംകരിച്ചിരുന്നു. എന്നാല്‍, ഹൈക്കോടതി സ്വമേധയാ എടുത്ത കേസിന്റെ ഭാഗമായാണ് പദ്ധതി നിലച്ചത്. ദേശീയ മൃഗസംരക്ഷണ ബോര്‍ഡിന്റെ അനുമതിയില്ലെന്ന് പറഞ്ഞാണ് വിലക്കിയത്. അനുമതി നിഷേധിച്ച്‌ കേന്ദ്രവും കുടുംബശ്രീക്ക് കത്തയച്ചു.

രാജ്യത്ത് നായകളുടെ 
ആക്രമണം പെരുകി
മുന്‍വര്‍ഷങ്ങളേക്കാള്‍ രാജ്യത്ത് നായകളുടെ ആക്രമണം വര്‍ധിച്ചതായി കണക്ക്. കഴിഞ്ഞവര്‍ഷം ആകെ ഉണ്ടായതിനെക്കാള്‍ കൂടുതല്‍ ഈ വര്‍ഷം ആറുമാസത്തിനകം റിപ്പോര്‍ട്ട് ചെയ്തു. എ എം ആരിഫ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര മൃഗസംരക്ഷണമന്ത്രി പുരുഷോത്തം രുപാല നല്‍കിയ മറുപടിയിലാണ് വിവരം.
ഈ വര്‍ഷം ജൂലൈവരെ തമിഴ്നാട്ടിലാണ് കൂടുതല്‍പേര്‍ക്ക് നായ്ക്കളുടെ കടിയേറ്റത്–- 2,51, 510. മഹാരാഷ്ട്രയില്‍ 2,31,531 പേര്‍ക്കും. കേരളത്തില്‍ 3237 പേര്‍ക്കുമാത്രമാണ് കടിയേറ്റത്. രാജ്യത്താകെ 14.5 ലക്ഷംപേര്‍ക്കെതിരെ ആദ്യ ആറുമാസത്തിനിടെ നായ്ക്കളുടെ ആക്രമണമുണ്ടായി. 2021ല്‍ 17.01 ലക്ഷംപേര്‍ക്കാണ് പരിക്കേറ്റത്.

കോഴിക്കോട് 
ജില്ലാ പഞ്ചായത്തും കക്ഷിചേരും
അക്രമകാരികളായ തെരുവുനായകളെ കൊല്ലാന്‍ അനുമതി തേടിയുള്ള സുപ്രീം കോടതിയിലെ കേസില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്തും കക്ഷി ചേരും. തെരുവുനായശല്യം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. ജില്ലയിലെ അടിയന്തര സാഹചര്യം നേരിടുന്നതിന് ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശിയാണ് അധ്യക്ഷ.

ആരോഗ്യവകുപ്പ് പട്ടികയില്‍ 514 ഹോട്ട്സ്പോട്ട്
നായ കടിയേറ്റവരുടെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് സംസ്ഥാനത്ത് കണ്ടെത്തിയത് 514 ഹോട്ട്സ്പോട്ട്. കൂടുതല്‍ പത്തനംതിട്ടയിലാണ്–- 64. ജില്ലകളില്‍ ജനുവരി മുതല്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. മൃഗസംരക്ഷണ വകുപ്പ് പഞ്ചായത്തടിസ്ഥാനത്തില്‍ 170 ഹോട്ട്സ്പോട്ട് കണ്ടെത്തിയിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജിലാണ് ഈ കാലയളവില്‍ കൂടുതല്‍ കേസ് റിപ്പോര്‍ട്ട് ചെയ്തത്–- 5966 എണ്ണം.

prp

Leave a Reply

*