ന്യൂഡല്‍ഹി: പൗരത്വ പ്രക്ഷോഭകര്‍ക്ക് നേരെ നടന്ന അക്രമ സംഭവങ്ങളില്‍ ഡല്‍ഹി പൊലീസിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. നിയമപ്രകാരം പ്രവര്‍ത്തിക്കാത്തത് കൊണ്ടാണ് ഡല്‍ഹിയില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
പൊലീസിന് പ്രഫഷനലിസം ഇല്ല. പൊലീസ് കൂറു പുലര്‍ത്തേണ്ടത് ഭരണഘടനാ സ്ഥാപനത്തോടാണെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ജസ്റ്റിസ് കെ.എം. ജോസഫ്, എസ്.കെ കൗള്‍ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് വ്യക്തമാക്കി.
ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ് രാജ്യ തലസ്ഥാനത്ത് ഉള്ളത്. പൊലീസ് പല ഘട്ടങ്ങളിലും പ്രവര്‍ത്തിച്ചത് നിയമപ്രകാരമല്ല. സ്വാതന്ത്ര്യം ഇല്ലാത്ത സാഹചര്യം പല സ്ഥലങ്ങളിലും പ്രവര്‍ത്തിച്ച പൊലീസ് സേനയില്‍ ഉണ്ടായിരുന്നുനെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
അതേസമയം, ഡല്‍ഹിയിലെ അക്രമ സംഭവങ്ങള്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ നിലവില്‍ ഡല്‍ഹി ഹൈകോടതി പരിഗണിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ശഹീന്‍ ബാഗ് കേസില്‍ കക്ഷി ചേരാന്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് നല്‍കിയ അപേക്ഷ പരിഗണിക്കുകയായിരുന്നു പരമോന്നത കോടതി

