കൊച്ചി: മോന്‍സണ്‍ മാവുങ്കലിനെ പൂട്ടാന്‍ പൊലീസ് കുരുക്കുകള്‍ കൂടുതല്‍ ശക്തമാക്കി. ഇതിനായി പുരാവസ്തു തട്ടിപ്പുകേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തെ വിപുലീകരിച്ചിട്ടു. കൊച്ചി സൈബര്‍ സ്റ്റേഷന്‍ എസ്‌എച്ച് ഓ ഉള്‍പ്പടെ പത്ത് ഉദ്യോഗസ്ഥരെക്കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തി ഡി ജി പി ഉത്തരവ് പുറപ്പെടുവിച്ചു. ഫോണ്‍ കോള്‍ റെക്കോര്‍ഡുകളും സമൂഹമാദ്ധ്യമങ്ങളിലെ പ്രചാരണവും അന്വേഷണസംഘം വിശദമായി പരിശോധിക്കും. പുരാവസ്തു തട്ടിപ്പ് അടക്കം ആകെ അഞ്ച് കേസുകളാണ് മോന്‍സനെതിരെ ഇതുവരെ എടുത്തിട്ടുള്ളത്. കഴിഞ്ഞദിവസം മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട കേസില്‍ പൊലീസിനെതിരെ ഹൈക്കാേടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അന്വേഷണം പൊലീസ് കൂടുതല്‍ ശക്തമാക്കിയത്.
അതേസമയം, വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് ഭൂമി തട്ടിപ്പ് കേസില്‍ മോന്‍സന്‍ നല്‍കിയ ജാമ്യ ഹര്‍ജി എറണാകുളം അഡീഷണഷണല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. മദ്ധ്യപ്രദേശ് സര്‍ക്കാറിന്‍റെ ഉടമസ്ഥതയില്‍ ഉള്ള എസ്റ്റേറ്റില്‍ 500 ഏക്കര്‍ ഭൂമി പാട്ടത്തിന് ലഭ്യമാക്കാമെന്ന് വാഗ്‌ദ്ധാനം നടത്തി പാല മീനച്ചില്‍ സ്വദേശി രാജീവ് ശ്രീധരില്‍ നിന്ന് ഒരു കോടി 62 ലക്ഷം തട്ടിയെന്ന കേസിലാണ് മോന്‍സനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഭൂമി ഇടപാടിനായി മോന്‍സന്‍ തന്‍റെ ജീവനക്കാരായ നാലുപേരുടെ അക്കൗണ്ടിലൂടെയാണ് പണം വാങ്ങിയതെന്നും ഭൂമി ഇടപാടിലെ ബിനാമി ഇടപാടുകള്‍ അന്വേഷിക്കുകയാണെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിട്ടുണ്ട്.
തട്ടിപ്പിന് പ്രധാനമായും ഉപയോഗപ്പെടുത്തിയ കലിംഗ കല്യാണ്‍ ഫൗണ്ടേഷ പാര്‍ട്ണറായ ബംഗളൂരു മലയാളിയില്‍ നിന്നും രണ്ട് കോടി രൂപയാണ് മോന്‍സണ്‍ തട്ടിയെടുത്ത്. തട്ടിപ്പിനുവേണ്ടി മാത്രം ഉണ്ടാക്കിയ വെറും കടലാസ് സംഘടനയാണിതെന്നാണ് പൊലീസ് നിഗമനം. ആ നിലയ്ക്കും അന്വേഷണം പുരോഗമിക്കുന്നുണ്ട്.
ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിച്ച് അവരിലൂടെ സംരക്ഷണം നേടിയെടുത്ത മോന്‍സണ്‍ മാവുങ്കലിനെതിരായ 10 കോടിയുടെ തട്ടിപ്പു കേസില്‍ സംസ്ഥാന പൊലീസിന്റെ അന്വേഷണം എങ്ങനെ വിശ്വസിക്കുമെന്നാണ് ഇന്നലെ ഹൈക്കോടതി ചോദിച്ചത്. കേസ് പൊലീസ് അന്വേഷിച്ചാല്‍ മതിയോയെന്ന് ഡി.ജി.പി വ്യക്തമാക്കാനും കോടതി നിര്‍ദ്ദേശിച്ചു. ഇക്കാര്യവും ഇതുവരെയുള്ള അന്വേഷണ വിവരങ്ങളും ഉള്‍പ്പെടുത്തി ഡി.ജി.പി മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാനും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. ഈ കേസില്‍ അന്താരാഷ്ട്ര ബന്ധങ്ങളുണ്ടോയെന്ന് ദൈവത്തിനു മാത്രം അറിയാമെന്നും കോടതി വാക്കാല്‍ പറഞ്ഞു.

