ഒരു മുന്‍ കൊറോണാവൈറസ് രോഗി ആശുപത്രി വാസം പൂര്‍ത്തിയാക്കി വീട്ടില്‍ മടങ്ങിയെത്തി പത്താം നാള് വീണ്ടും പോസിറ്റീവായി മാറിയത് ആശങ്കയാകുന്നു. രോഗമുക്തി നേടി മടങ്ങിയവര്‍ അപകടകാരികളായ വൈറസിനെ ഉള്ളില്‍ കൊണ്ടുനടക്കുന്നതായാണ് ആശങ്ക ഉയരുന്നത്. ഒരു ചൈനീസ് നഗരത്തില്‍ നിന്നും ഈ മാസം ആദ്യം ഡിസ്ചാര്‍ജ്ജ് ചെയ്ത രോഗി സ്വയം ക്വാറന്റൈന് ചെയ്ത് താമസിക്കവെയാണ് വൈറസ് തിരിച്ചറിഞ്ഞത്.
പരിശോധനകള്‍ പൂര്‍ത്തിയാക്കാതെ രോഗമുക്തി സ്ഥിരീകരിച്ച് രോഗിയെ തിരിച്ചയച്ചെന്ന സംശയമാണ് വിദഗ്ധര്‍ പങ്കുവെയ്ക്കുന്നത്. ചൈനയിലെ സിഷ്വാന്‍ പ്രവിശ്യയിലെ ചെങ്ക്ഡുവിലാണ്ഈ വ്യക്തി താമസിക്കുന്നത്. ഇദ്ദേഹം രോഗമുക്തി നേടി തിരിച്ചുവന്നെങ്കിലും ഇവരുടെ കുടുംബം ഐസൊലേഷനില്‍ തുടരുകയായിരുന്നുവെന്ന് കമ്മ്യൂണിറ്റി അധികൃതര്‍ അവകാശപ്പെടുന്നു.
പരിശോധനകള്‍ക്കായി മെഡിക്കല്‍ സെന്ററില്‍ കൊണ്ടുപോയ ഫെബ്രുവരി 19ന് മുന്‍പ് കുടുംബം വീടുവിട്ട് പുറത്തിറങ്ങിയിരുന്നില്ല. എന്നാല്‍ പരിശോധനാ ഫലം പുറത്തുവന്നപ്പോള്‍ മുന്‍ രോഗി വീണ്ടും വൈറസ് ബാധിതനായി. ഇതേ ദിവസം തന്നെ ഈ കുടുംബത്തെ അടുത്തുള്ള പബ്ലിക് ഹെല്‍ത്ത് ക്ലിനിക്കല്‍ സെന്ററില്‍ ക്വാറന്റൈനിലേക്ക് നീക്കിയെന്ന് അധികൃതര്‍ പറയുന്നു.
രോഗമുക്തി നേടിയ വ്യക്തിക്ക് വീണ്ടും രോഗം വന്നതായ വാര്‍ത്ത കാട്ടുതീ പോലെയാണ് ചൈനീസ് സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നത്. സമാനമായ രീതിയില്‍ നിരവധി കേസുകള്‍ ഉണ്ടാകാമെന്നാണ് ഇവര്‍ ഭയപ്പെടുന്നത്. ആശുപത്രികള്‍ പരിശോധനാ നിലവാരം മെച്ചപ്പെടുത്തണമെന്നും ആവശ്യം ഉയരുന്നുണ്ട്.
