ചൊവ്വയിലെ ജലാശം തേടിയുള്ള യാത്രയില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചിരിക്കുകയാണ് നാസയുടെ പെര്‍സവറന്‍സ് റോവര്‍. കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്ബ് ചൊവ്വയുടെ ഭൂപ്രകൃതിയെ രൂപപ്പെടുത്താന്‍ വെള്ളം സഹായിച്ചുവെന്നതിന്റെ തെളിവുകള്‍ നിരത്തുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ ശാസ്ത്രലോകത്തിനു ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജൂലൈ 30 ന് വിക്ഷേപിച്ച പെര്‍വറന്‍സ് റോവര്‍ 202 ദിവസത്തെ യാത്രയ്ക്ക് ശേഷം 472 ദശലക്ഷം കിലോമീറ്ററുകള്‍ പിന്നിട്ട് ഫെബ്രുവരി 18 നാണ് ചുവന്ന ഗ്രഹത്തിലെത്തിയത്. പര്യവേക്ഷണത്തിന്റെ ഭാഗമായി ഫെബ്രുവരിയില്‍, നാസയുടെ പെര്‍സവറന്‍സ് റോവര്‍ ജെസെറോ ഗര്‍ത്തത്തില്‍ ഇറങ്ങിയിരുന്നു. ചൊവ്വയില്‍ നിന്നും റോവര്‍ അയച്ച വിശദമായ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ പഠനസംഘം ജെസെറോ ഗര്‍ത്തത്തെക്കുറിച്ചുള്ള ശാസ്ത്രീയമായ കണ്ടെത്തലുകള്‍ സയന്‍സ് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ഈ ഗര്‍ത്തത്തിലെ പാറക്കെട്ടുകള്‍ക്കുള്ളിലെ പാളികളില്‍ ജലത്തിന്റെ രൂപീകരണം എങ്ങനെ സംഭവിച്ചുവെന്ന് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തുന്നു.
“1.5 മീറ്റര്‍ വരെ ഉയരത്തില്‍ പാറകള്‍ അടങ്ങിയ കിടങ്ങുകളില്‍ സവിശേഷമായ പാളികള്‍ ഞങ്ങള്‍ കണ്ടു.” ഫ്രാന്‍സിലെ നാന്‍റ്റസിലെ ലബോറടോയര്‍ ഡി പ്ലാനറ്റോളജി എറ്റ് ജിയോഡൈനാമിക്കില്‍ നിന്നുള്ള ശാസ്ത്രജ്ഞനും സയന്‍സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പ്രധാന രചയിതാവുമായ നിക്കോളാസ് മംഗോള്‍ഡ് പറഞ്ഞു. പാളികളുടെ ആകൃതി ജലത്തിന്റെ സാന്നിധ്യത്തെക്കുറിച്ചും സ്ഥിരമായ ഒഴുക്കിനെക്കുറിച്ചും സൂചന നല്‍കി. പാറക്കഷണങ്ങളെ മൈലുകളോളം വഹിച്ചുകൊണ്ടുപോകണമെങ്കില്‍ മണിക്കൂറില്‍ 6 മുതല്‍ 30 കിലോമീറ്റര്‍ വരെ വേഗതയില്‍ ഒഴുകുമായിരുന്ന ജലപ്രവാഹം ഇവിടെ ഉണ്ടായിരുന്നിരിക്കണം എന്നും മാംഗോള്‍ഡും സംഘവും കണക്കാക്കുന്നു.
ഏകദേശം 3.7 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്ബ് ചൊവ്വയുടെ ഭൂപ്രകൃതി ജലപ്രവാഹം താങ്ങാന്‍ പര്യാപ്തമായത്ര ഊഷ്മളവും ഈര്‍പ്പമുള്ളതുമായിരുന്നു എന്ന് പഠനം സൂചിപ്പിക്കുന്നു. മുകളിലെയും ഏറ്റവും താഴ്‌ഭാഗത്തെയും പാളികളില്‍ ഒരുമീറ്റര്‍ വ്യാസത്തില്‍ പാറക്കല്ലുകള്‍ ചിതറിക്കിടക്കുന്നത് ശക്തമായ വെള്ളപ്പൊക്കങ്ങള്‍ ഗ്രഹത്തിലുണ്ടായതിന്റെ സാധ്യതകളിലേക്കും വിരല്‍ ചൂണ്ടുന്നുണ്ട്.
കൂടുതല്‍ പഠനങ്ങള്‍ക്കായി മള്‍ട്ടി ടാസ്‌കിംഗ് റോവര്‍ സീല്‍ ചെയ്ത ട്യൂബുകളില്‍ പാറകളുടെയും മണ്ണിന്റെയും നിരവധി സാമ്ബിളുകള്‍ ശേഖരിക്കും. ജെസറോ ഗര്‍ത്തത്തില്‍ ഒരു തടാകത്തിന്റെയും നദിയുടെയും ഡെല്‍റ്റയുടെ സാന്നിധ്യം ഒരിക്കല്‍ക്കൂടി സ്ഥിരീകരിക്കാന്‍ ഞങ്ങളെ പ്രാപ്തരാക്കുന്ന പ്രധാന നിരീക്ഷണമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത് എന്നും മംഗോള്‍ഡ് പറയുന്നു.
ചൊവ്വയില്‍ ജീവന്‍ നിലനിന്നിരുന്ന പ്രദേശങ്ങള്‍ ഏതൊക്കെയാണെന്ന് കണ്ടെത്താന്‍ പുതിയ തെളിവുകള്‍ സഹായിക്കും. ചൊവ്വയെ വലം വെയ്‌ക്കുന്ന കൃത്രിമ ഉപഗ്രഹങ്ങള്‍ എടുത്ത ചിത്രങ്ങളും ചെവ്വയിലെ ഗര്‍ത്തങ്ങളില്‍ നിന്നും ശേഖരിച്ച അവശിഷ്ടങ്ങളുമാണ് സംഘം പഠനവിധേയമാക്കിയത്. ചുവന്ന ഗ്രഹത്തിലുടനീളമുള്ള തകര്‍ന്ന 262 തടാകങ്ങള്‍ ഗ്രഹത്തിന്റെ ഉപരിതലത്തെ എങ്ങനെ രൂപപ്പെടുത്തി എന്ന് അന്വേഷിക്കുന്ന ആദ്യ പഠനമാണിത്.

