കൊട്ടാരക്കര: നിക്ഷേപകര്‍ക്കു പണം തിരികെ നല്‍കാതെ മുങ്ങി നടന്ന ചിട്ടി ഫണ്ട് ഉടമയെ നിക്ഷേപകര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു.32 ലധികം ബ്രാഞ്ചുകള്‍ ഉള്ള കേച്ചേരി ചിട്ടി ഫണ്ട് ഉടമ വേണുഗോപാലിനെയാണ് താമരക്കുടിയിലെ ഒരു വീട്ടില്‍ നിന്നും പിടികൂടി കൊട്ടാരക്കര പോലീസില്‍ ഏല്പിച്ചത്. റൂറല്‍ എസ് പി നേരിട്ടത്തി ഉടമയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകര്‍ പ്രതിഷേധിച്ചതോടെ കൊട്ടാരക്കര സി ഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം എത്തി ചിട്ടി ഫണ്ട് ഉടമയും റീജിയണല്‍ മാനേജരും ഉള്‍പ്പടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഇവര്‍ എത്തിയ വാഹനം അതിലുണ്ടായിരുന്ന ഒരു ലക്ഷത്തി ഇരുപയ്യായിരം രൂപയും രേഖകള്‍, മദ്യം എന്നിവ പോലീസ് കണ്ടെടുത്തു. നിലവില്‍ ചിട്ടി ഫണ്ട് ഉടമയ്ക്കെതിരെ കൊട്ടാരക്കര, കുന്നിക്കോട്, പത്തനാപുരം, പുനലൂര്‍, എനാത്ത്, പൂയപ്പള്ളി പോലീസ്റ്റേഷനുകളില്‍ നിരവധി പരാതിയാണ് ഉള്ളത്.
കൊട്ടാരക്കര റൂറല്‍ എസ് പി ഉള്‍പ്പടെയുള്ളവര്‍ക്ക് നിരവധി പരാതി നല്‍കിയിട്ടും നടപടിയോ അറസ്റ്റോ ഉണ്ടാകാതെ ആയതോടെ താമരക്കുടിയില്‍ ചിട്ടി ഫണ്ട് ജീവനക്കാരന്റെ ബന്ധു വീട്ടില്‍ എത്തിയെന്നറിഞ്ഞു നിക്ഷേപകര്‍ തടിച്ചു കൂടി ചിട്ടി ഫണ്ട് ഉടമയെ പിടികൂടിയത്. കൊട്ടാരക്കര ഉള്‍പ്പടെയുള്ള സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ സ്റ്റേഷനുകളിലെ പരാതി പ്രകാരം ഇയാളെ അറസ്റ്റ് ചെയ്തു നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു. ചിട്ടി ഫണ്ട് ഉടമയെ സംരക്ഷിക്കുന്നത് കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ ആണെന്ന ആരോപണവുമായി നിക്ഷേപകര്‍ രംഗത്തു വന്നിട്ടുണ്ട്.
എംഎല്‍എയുടെ പങ്ക് അന്വേഷിക്കണം: ബിജെപി
കൊട്ടാരക്കര: 300 കോടിയില്‍പരം രൂപയുടെ തട്ടിപ്പ് നടത്തിയ കേച്ചേരി ഫിനാന്‍സിയേഴ്സ് ഉടമയും പത്തനാപുരം എം എല്‍ എ കെ ബി ഗണേഷ്കുമാറും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്ന് ബിജെപി കുന്നിക്കോട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബൈജു തോട്ടശേരി പറഞ്ഞു.
പത്തനാപുരം എം ഏല് എ യുടെ അറിവോട് കൂടി ഈ സ്ഥാപനത്തില്‍ നിന്നും ബിനാമി ഇടപാടില്‍ ഉണ്ടായിരുന്ന 21 കോടി രൂപ പിന്‍വലിച്ചതായി ബാങ്കുമായി ബന്ധപ്പെട്ട ആളുകള്‍ തന്നെ പുറത്ത് പറഞ്ഞിട്ടുള്ളതും ഇത്തരത്തില്‍ 21 കോടി രൂപ ഒരുമിച്ച് പിന്‍വലിച്ചതുമാണ് കേച്ചേരിയുടെ തകര്‍ച്ചയ്ക്ക് വഴിവച്ചത് എന്നുള്ള ആക്ഷേപവും നിലനില്ക്കുന്നു. സ്ഥലം എം എല്‍ എ എന്ന നിലയില്‍ ഈ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് പണം നഷ്ടപ്പെട്ട നൂറുകണക്കിന് നിക്ഷേപകര്‍ എം എല്‍ എ യെ സമീപിച്ച് വിഷയത്തില്‍ ഇടപെടണം എന്ന് പലതവണ ആവിശ്യപ്പെട്ടിട്ടും അദ്ദേഹം മൗനം ഭജിച്ചതും കൂടുതല്‍ ദുരൂഹത ഉയര്‍ത്തുന്നു.

