
ന്യൂഡല്‍ഹി: ഗല്‍വാന്‍ വാലിയിലെ സംഘര്‍ഷത്തിന് പിന്നാലെ തടവിലാക്കിയ പത്ത് ഇന്ത്യന്‍ സൈനികരെ ചൈന മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് ഇവരെ വിട്ടയച്ചത് എന്നും ഒരു ലഫ്റ്റനന്റ് കേണലും മൂന്ന് മേജര്‍മാരും അടക്കമാണ് ചൈനീസ് കസ്റ്റഡിയില്‍ ഉണ്ടായിരുന്നത് എന്നുമാണ് ചില ഇംഗ്ലീഷ് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഇത് സൈന്യം സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യയുടെ ഒരു സൈനികനെയും കാണാതായിട്ടില്ല എന്നായിരുന്നു കരസേന കഴിഞ്ഞദിവസം പറഞ്ഞത്.
സംഘര്‍ഷത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിവരുന്ന ചര്‍ച്ചകളുടെ ഫലമായാണ് ഇപ്പോള്‍ ഇന്ത്യന്‍ സൈനികരെ മോചിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ഇരു രാജ്യങ്ങളുടെയും മേജര്‍ ജനറല്‍മാര്‍ മൂന്നുറൗണ്ട് ചര്‍ച്ച നടത്തിയിരുന്നു. തിരിച്ചെത്തിയ സൈനികരെ ആരോഗ്യ പരിശോധനയ്ക്കും ഡീബ്രീഫിങ്ങിനും വിധേയമാക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
1962ലെ യുദ്ധത്തിന് ശേഷം ആദ്യമായാണ് ഇന്ത്യന്‍ സൈനികര്‍ ചൈനയുടെ കസ്റ്റഡിലാകുന്നത്. തിങ്കളാഴ്ച രാത്രിയിലെ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും 76പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
