ചേര്‍ത്തല: ദേശീയ പാതയില്‍ വാഹന പരിശോധനക്കിടെ കിഴങ്ങുമായെത്തിയ ലോറിയില്‍ കടത്താന്‍ ശ്രമിച്ച 1.2 കോടി വിലവരുന്ന നിരോധിത പുകയില ഉല്പന്നമായ ഹാന്‍സ് പൊലീസ് പിടികൂടി. വലിയ പ്ലാറ്റ്ഫോം ലോറിയില്‍ കിഴങ്ങ് ചാക്കുകള്‍ക്കടിയിലാണ് ഹാന്‍സ് കടത്താന്‍ ശ്രമിച്ചത്.
ലോറിയിലുണ്ടായിരുന്ന തമിഴ്നാട് സേലം സ്വദേശികളായ രണ്ടുപേര്‍ പിടിയിലായി.
ഓരോ ചാക്കിലും 1500ഓളം പാക്കറ്റ് വീതം 100 ചാക്കുകളാണ് ഉണ്ടായിരുന്നത്. ബംഗളൂരുവില്‍നിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോകുകയായിരുന്നെന്നാണ് വിവരം. സേലം ആറ്റൂര്‍ തുമ്ബല് തേര്‍ക്കുകാടായ് വീഥിയില്‍ അരുള്‍മണി (29), സേലം ഓമല്ലൂര്‍ കനവൈപുധൂര് കെ.എന്‍. പുധൂര് രാജശേഖര്‍ (29)എന്നിവരാണ് പിടിയിലായത്. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് ചേര്‍ത്തല പൊലീസ് ദേശീയപാതയില്‍ പരിശോധന നടത്തിയത്.
പുലര്‍ച്ച ഒന്നരയോടെ അര്‍ത്തുങ്കല്‍ ബൈപാസിനു സമീപമാണ് സംശയകരമായി ലോറി കണ്ടത്. വാഹനത്തിലുള്ളവരെ ചോദ്യം ചെയ്തപ്പോള്‍ സംശയം തോന്നിയാണ് ലോറി സ്റ്റേഷനിലെത്തിച്ചത്. രാവിലെ ലോറിയില്‍നിന്ന് കിഴങ്ങ് ചാക്കുകളിറക്കി നടത്തിയ പരിശോധനയിലാണ് കള്ളിവെളിച്ചത്തായത്. അടിയില്‍ പുകയില ഉല്പന്നങ്ങള് നിറച്ച ചാക്കുകളും അതിനുമുകളില്‍ 280 ചാക്കുകളില്‍ കിഴങ്ങും അടുക്കിയിരിക്കുകയായിരുന്നു. ഓരോ സ്ഥലങ്ങളിലും നിശ്ചിതചാക്കുകള് ഇറക്കിയായിരുന്നു ഇവരുടെ യാത്ര. സൂത്രധാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് ഡിവൈ.എസ്.പി ടി.ബി. വിജയന് പറഞ്ഞു. സംസ്ഥാനത്ത് പാക്കറ്റൊന്നിന് 80 മുതല്‍ 100രൂപവരെയാണ് ഇതിന് വില. സ്കൂളുകള്‍ കേന്ദ്രീകരിച്ച് വില്പന നടത്തുന്ന സംഘങ്ങളാണ് പിന്നിലെന്നാണ് സൂചന. പിടിയിലായവരുടെ ഫോണ്‍നമ്ബര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

