ഒഴുകിവന്ന തടി പിടിക്കാന്‍ ആറ്റില്‍ ചാടിയ യുവാക്കള്‍ക്കെതിരെ കേസ്

പത്തനംതിട്ട: മലവെള്ളപ്പാച്ചിലിനിടെ ഒഴുകിവന്ന തടി പിടിക്കാന്‍ ആറ്റില്‍ ചാടിയ യുവാക്കള്‍ക്കെതിരെ കേസെടുത്തു.

തിങ്കളാഴ്ച ഉച്ചക്കാണ് കോട്ടമണ്‍പാറ ഗ്രൗണ്ട് പടിക്കല്‍നിന്ന് ഇരുകര മുട്ടിയൊഴുകുന്ന കക്കാട്ടാറ്റിലൂടെ കോട്ടമണ്‍പാറ സ്വദേശികളായ രാഹുല്‍ സന്തോഷ്, നിഖില്‍ ബിജു, വിപിന്‍ സണ്ണി എന്നിവര്‍ മലവെള്ളപ്പാച്ചിലിനെയും വെല്ലുവിളിച്ച്‌​ ആറ്റില്‍ ചാടിയത്.

ഡാമുകള്‍ തുറന്നതിനെത്തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ കക്കാട്ടാറ്റിലൂടെ മൂടോടെ ഒഴുകിവന്ന കൂറ്റന്‍ മരം കരക്കടുപ്പിക്കാന്‍ ഉറുമ്ബിനി വെള്ളച്ചാട്ടത്തിനു സമീപം വരെയുള്ള ഒരു കിലോമീറ്ററോളം ദൂരം തടിയുടെ മുകളില്‍ ഇരുന്നായിരുന്നു യാത്ര. തടി കരക്കടുപ്പിക്കാന്‍ കഴിയാതായതോടെ മൂവരും ആറ്റില്‍ ചാടി കരയിലേക്കു നീന്തുകയായിരുന്നു.

കരക്ക്​ നിന്ന സുഹൃത്താണ് ഈ സാഹസിക ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ വൈറലാക്കിയത്. നരന്‍ സിനിമയിലെ പാട്ടിന്‍റെ പശ്ചാത്തലത്തിലായിരുന്നു വിഡിയോ. തടിയുടെ മുകളില്‍ കയറി കുറച്ചുദൂരം യുവാക്കള്‍ യാത്ര ചെയ്യുന്നതും വിഡിയോയില്‍ കാണാമായിരുന്നു.

ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും നാനാഭാഗത്തുനിന്ന്​ വിമര്‍ശനം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് മൂഴിയാര്‍ പൊലീസ്​ കേസെടുത്തത്.

prp

Leave a Reply

*