കൊച്ചി: സില്‍വര്‍ലൈന്‍ സമരക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
പദ്ധതിക്കുവേണ്ടി സര്‍വേ നടത്തി കെ -റെയില്‍ എന്നെഴുതിയ കോണ്‍ക്രീറ്റ് കുറ്റികള്‍ സ്ഥാപിക്കുന്നതിനെതിരെ കോട്ടയം സ്വദേശി മുരളീകൃഷ്ണന് ഉള്‍പ്പെടെ നല്കിയ ഹര്‍ജികളിലാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്. ജനങ്ങളെ പേടിപ്പിച്ച് എങ്ങനെ പദ്ധതി നടപ്പാക്കാനാവുമെന്ന് ഈ ഘട്ടത്തില്‍ ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചോദിച്ചു. കേസുകള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ നേരത്തെ കോടതി സര്‍ക്കാരിന്റെ നിലപാടു തേടിയിരുന്നു.
സാമൂഹ്യാഘാതപഠനം നിയമപ്രകാരമല്ലെന്ന കാരണത്താല്‍ ജനങ്ങള്‍ക്ക് നിയമം കൈയിലെടുക്കാനാവില്ലെന്നു പറഞ്ഞ ഹൈക്കോടതി പലകേസുകളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ സുപ്രീം കോടതി വരെ പോയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. കേസുകള്‍ പിന്‍വലിച്ചാല്‍ സമൂഹത്തില്‍ അല്പം സമാധാനമുണ്ടാകും. എന്നാല്‍ സര്‍ക്കാര്‍ തയ്യാറല്ല. തലയ്ക്കു മുകളില്‍ കേസുകള്‍ വാളു പോലെ തൂങ്ങി നിന്നാലേ ഇനിയും സര്‍വേ നടത്താനാവൂ എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. പോര്‍വിളിച്ചല്ല, ജനങ്ങളെ ഒപ്പം നിറുത്തിയാണ് പദ്ധതി നടപ്പാക്കേണ്ടത്. പദ്ധതി എവിടെ തുടങ്ങി എവിടെയെത്തിയെന്ന് നോക്കൂ – ഹൈക്കോടതി പറഞ്ഞു.
ഇനി കാര്യമില്ല, ഹര്‍ജികള്‍ തീര്‍പ്പാക്കി
പദ്ധതിയുടെ ഡി.പി.ആറിന് അംഗീകാരം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതിനാല്‍ സര്‍വേയോ മറ്റു നടപടികളോ ഇനി പ്രസക്തമല്ലെന്നു വിലയിരുത്തി ഹൈക്കോടതി ഹര്‍ജികള്‍ തീര്‍പ്പാക്കി. ഷേക്സ്പിയറിന്റെ ‘മച്ച് ആഡോ എബൗട്ട് നത്തിംഗ്’ (കാര്യമില്ലാത്ത ബഹളം) എന്ന ഹാസ്യനാടകത്തിലേതുപോലെ കാര്യമില്ലാത്തതായി ഇതു മാറിയെന്നും ഹൈക്കോടതി പറഞ്ഞു.
സര്‍വേയ്ക്കോ ഭൂമി ഏറ്റെടുക്കാനോ സര്‍ക്കാര്‍ തുടര്‍നടപടിയെടുത്താല്‍ ഹര്‍ജിക്കാര്‍ക്ക് വീണ്ടും കോടതിയെ സമീപിക്കാം.
സര്‍വേ ഡയറക്ടര്‍ ഹൈക്കോടതി ഉത്തരവു മറികടന്ന് കെ-റെയില്‍ കുറ്റികള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായി. എങ്കിലും അതില്‍ തുടര്‍ നടപടിയെടുക്കുന്നില്ലെന്നും ഹൈക്കോടതി പറഞ്ഞു.
ഇതുകൊണ്ടൊക്കെ എന്തു നേടി? ഡി.പി.ആറിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കാത്ത സാഹചര്യത്തില്‍ സാമൂഹ്യാഘാത പഠനവും സര്‍വേയും എന്തിനാണ്? പദ്ധതിയുടെ അലൈന്മെന്റ് മാറ്റാന്‍ അവര്‍ ആവശ്യപ്പെട്ടാല്‍ ഇതൊക്കെ വെറുതേയാവില്ലേ?
സില്‍വര്‍ലൈന്‍ പദ്ധതിയെന്ന ആശയം നല്ലതാണ്. പക്ഷേ അതു ശരിയായ വിധത്തില്‍ നടപ്പാക്കേണ്ടിയിരുന്നു. കോടതി ഇക്കാര്യത്തില്‍ മുന്നറിയിപ്പു നല്കിയപ്പോള് സര്‍ക്കാരിനെ ആക്രമിക്കുകയാണെന്ന് കുറ്റപ്പെടുത്തി – സിംഗിള്‍ബെഞ്ച് പറഞ്ഞു.

