വാഷിങ്ടണ്‍: അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി രണ്ടാം തവണയും ഇംപീച്മെന്റ് നടപടി നേരിടേണ്ടി വന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രാഷ്ട്രീയ ഭാവിതന്നെ അനിശ്ചിതത്വത്തിലാവുന്നു. അപ്രതീക്ഷിതമായുണ്ടായി രണ്ടാം തവണയും ജന പ്രതിനിധി സഭയില്‍ ട്രംപിന്റെ ഇംപീച്ച്മെന്റ് പ്രമേയം പാസായതോടെ വൈറ്റ് ഹൗസിന്റെ വാതിലുകള്‍ ട്രംപിനു മുന്നില്‍ അടയ്ക്കപ്പെടനാണ് സാധ്യത. ഒരു തവണ കൂടി യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്താനുള്ള ട്രംപിന്റെ മോഹങ്ങള്‍ക്ക് ഇത് കനത്ത തിരിച്ചടിയാകും. ഇന്നലെ ജന പ്രതിനിധി സഭയില്‍ ഡമോക്രാറ്റുകള്‍ അവതരിപ്പിച്ച പ്രമേയത്തെ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ 10 പ്രതിനിധികളും പിന്താങ്ങിയിരുന്നു.
ജന പ്രതിനിധി സഭ പാസാക്കിയ ഇംപീച്ച് മെന്റ് പ്രമേയം സനറ്റിനും നിര്‍ബന്ധമായും പരിഗണിക്കേണ്ടിവരും. ട്രംപ് സ്ഥാനത്തുനിന്നു മാറിയാലും സെനറ്റിന് പ്രമേയം പരിഗണിക്കേണ്ടിവരും. ഇത്തരത്തില്‍ അധികാരമൊഴിഞ്ഞ ശേഷവും വിചാരണ നടപടികള്‍ നേരിടേണ്ടിവരുന്നവര്‍ പിന്നീട് പ്രസിഡന്റ് സ്ഥാനത്തേക്ക് അയോഗ്യനാക്കപ്പെടും. സെനറ്റില്‍ വോട്ടെടുപ്പ് നടന്നാല്‍ തങ്ങള്‍ അതിനെ പിന്തുണയ്ക്കുമെന്ന് പല റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരും വ്യക്താക്കിയിട്ടുണ്ട്. രാജ്യത്തെ നടുക്കിയ കാപ്പിറ്റോള്‍ കലാപത്തിനായി അക്രമികളെ പ്രേരിപ്പിച്ചതിനാണ് ട്രംപിനെതിരേ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചത്. യു.എസ് ജനപ്രതിനിധി സഭയില്‍ നടന്ന വോട്ടെടുപ്പില്‍ 197നെതിരേ 232 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്.
കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ട പ്രസിഡന്റ് അധികാരത്തില്‍ തിരിച്ചെത്തേണ്ടതില്ലെന്ന് ജനം വിധിയെഴുതിയപ്പോള്‍ ജനവിധി അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നും അക്രമത്തിന് പ്രോല്‍സാഹനം നല്‍കിയെന്നുമാണ് ആരോപണം. കാപ്പിറ്റോള്‍ ആക്രമണത്തിനു പിന്നാലെ ട്രംപിന്റെ മന്ത്രിസഭയില്‍ നിന്ന് നിരവധി പേര് രാജി വയ്ക്കുകയും ചെയ്തിരുന്നു. ട്രംപിന്റെ അക്കൗണ്ടുകള്‍ ട്വിറ്റര്‍ അടക്കമുള്ള സാമൂഹിക മാധ്യമങ്ങള്‍ മരവിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.

