ബിസിനസ് താത്പര്യത്തില്‍ പ്രചരിച്ച വസ്ത്രമാണ് പര്‍ദയെന്ന് ജസ്ല മാടശേരി. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്സ് അവറിലായിരുന്നു ജസ്ല ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
20 വര്‍ഷം മുന്‍പ് എവിടെയായിരുന്നു പര്‍ദയുണ്ടായിരുന്നതെന്നും ജസ്‌ല ചോദിക്കുന്നു. ഹിജാബ് വിവാദം രാജ്യമാകെ ചര്‍ച്ചയായതിന് പിന്നാലെയാണ് ജസ്ലയുടെ പ്രതികരണം.
“നിര്‍ബന്ധമായി അടിച്ചേല്‍പ്പിക്കപ്പെട്ട വസ്ത്രം മാത്രമാണ് പര്‍ദ. പര്‍ദ എന്നത് പക്ക കച്ചവടത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വന്നതാണ്. എന്റെ ഉമ്മമ്മയൊന്നും പര്‍ദ ഇടുന്നത് ഞാന്‍ കണ്ടിട്ടില്ല. 20 വര്‍ഷം മുന്‍പ് എവിടെയായിരുന്നു പര്‍ദയുണ്ടായിരുന്നത്. ഇതൊക്കെ പക്ക ബിസിനസ് അടിസ്ഥാനത്തില്‍ മാത്രം കേരളത്തില്‍ വന്ന വസ്ത്രമാണ്. കുറെ കാലഘട്ടങ്ങള്‍ക്ക് മുന്‍പുള്ള ഫോട്ടോകള്‍ എടുത്ത് നോക്കിയാല്‍ അറിയാം എത്ര മുസ്ലീം സ്ത്രീകള്‍ തല മറച്ചിരുന്നെന്ന്.”- ജസ്ല പറയുന്നു.
കര്‍ണാടകയിലെ ഹിജാബ് വിഷയത്തില്‍ പ്രതികരിച്ച് ബിജെപി നേതാവും നടിയുമായി ഖുശ്ബു സുന്ദറും രംഗത്ത് വന്നിരുന്നു. ഞാനും ഇസ്ലാം സമുദായത്തില്‍പ്പെട്ട ആളാണ്. ഹിജാബ് ധരിച്ചല്ല യൂണിഫോം ധരിച്ചാണ് സ്കൂളില്‍ പോയിരുന്നത്. സ്കൂളുകളില്‍ ജാതിയും ,മതവും കൊണ്ടു പോകേണ്ട കാര്യമില്ല എന്നും ഖുശ്‌ബു പറഞ്ഞു. ചെന്നൈ കോര്‍പ്പറേഷനില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥികളെ പിന്തുണച്ച് പ്രചാരണത്തിനിറങ്ങിയ ഖുശ്ബു മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു.
ബുര്‍ഖ ധരിക്കുന്നത് ഇസ്ലാമിക സ്ത്രീകളുടെ ഇഷ്ടപ്രകാരമാണ് , എന്നാല്‍ അത് സ്കൂളില്‍ ധരിക്കണമെന്ന് വാശിപിടിക്കരുത് . അത് സ്കൂളിന്റെ വാതില്‍പ്പടി വരെ ധരിക്കാം. എന്നാല്‍ സ്കൂളിനുള്ളില്‍ നിങ്ങള്‍ക്ക് ഒരു യൂണിഫോമുണ്ട് അത് ധരിക്കണം . ഞാനും ഇസ്ലാം സമുദായത്തില്‍പ്പെട്ടതാണ് . പക്ഷെ ഹിജാബ് ധരിച്ച് സ്കൂളില്‍ പോയിട്ടില്ല . സ്കൂളിന്റെ ഗേറ്റ് വരെ ഹിജാബ് ധരിച്ചാലും സ്കൂളിനുള്ളില്‍ പോകുമ്ബോള്‍ യൂണിഫോം തന്നെയാണ് ഞാന്‍ ധരിച്ചിരുന്നത് . മറ്റ് ഇസ്ലാം സമുദായത്തിലെ ഫ്രണ്ട്സും അങ്ങനെ തന്നെയായിരുന്നു . എന്റെ മക്കളും യൂണിഫോം ധരിച്ചാണ് സ്കൂളില്‍ പോകുന്നത് .
കുട്ടികളില്‍ എന്തിനാണ് ഇത്തരത്തില്‍ ജാതിയും ,മതവും കലര്‍ത്തുന്നത് . കാവി ഇട്ട് മാത്രമേ തങ്ങള്‍ വരൂവെന്ന് ആരും പറഞ്ഞിട്ടില്ല . പക്ഷെ ഇവിടെ ഹിജാബ് ഇട്ടേ വരൂവെന്ന് പറയുന്നവരാണ് ഉള്ളത് . സ്കൂളില്‍ പോകുമ്ബോള്‍ യൂണിഫോം ധരിക്കില്ല , ഹിജാബ് മാത്രമേ ധരിക്കൂവെന്ന് നിങ്ങള്‍ ആരെങ്കിലും പറഞ്ഞിട്ടുണ്ടോയെന്നും ഖുശ്ബു മാദ്ധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.
മുസ്ലിം സ്ത്രീകള്‍ ഹിജാബിന് എതിരായിരുന്നുവെന്ന് ഇസ്‌ലാം ചരിത്രത്തില്‍ നിന്നും വ്യക്തമാകുന്നതെന്ന് ആരിഫ് മുഹമ്മദ് ഖാന്‍. പ്രവാചകന്റെ കാലത്തെ സ്ത്രീകള്‍ ഹിജാബ് അനാവശ്യമെന്ന് വിശ്വസിച്ചിരുന്നവരാണെന്നും ദൈവം അനുഗ്രഹിച്ചു നല്‍കിയ സൗന്ദര്യം മറച്ചു വെക്കാനുള്ളതല്ലെന്ന് ആദ്യ തലമുറയിലെ സ്ത്രീകള്‍ വാദിച്ചിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം, കര്‍ണാടകയിലെ ഉഡുപ്പി ജില്ലയില്‍ ആറ് പെണ്‍കുട്ടികള്‍ നടത്തിയ പ്രതിഷേധത്തില്‍ ആരംഭിച്ച പ്രതിഷേധം കഴിഞ്ഞ കുറച്ച് ആഴ്ചകളായി മാണ്ഡ്യ, ശിവമോഗ എന്നിവയുള്‍പ്പെടെ നിരവധി കോളേജുകളില്‍ പ്രതിഷേധമായി മാറിയിരുന്നു. ജനുവരിയിലാണ് ഹിജാബ് വിവാദം ആരംഭിച്ചത്. ഉഡുപ്പിയിലെ പി.യു കോളേജില്‍ പഠിക്കുന്ന ആറ് വിദ്യാര്‍ത്ഥിനികള്‍ ശിരോവസ്ത്രം ധരിച്ചെത്തിയതോടെ അവരോട് പുറത്ത് പോകാന്‍ സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനികള്‍ കോളേജിന് പുറത്തുതന്നെ നില്‍ക്കട്ടെ എന്ന നിലപാടാണ് ഇപ്പോഴും കോളേജുകള്‍ സ്വീകരിച്ചിരിക്കുന്നത്. കോളേജിന്റെ നിലപാടിനെതിരെ വിദ്യാര്‍ത്ഥിനികള്‍ സമരം തുടരുകയാണ്.
ഇതിനെതിരെ തീവ്രഹിന്ദു സംഘടനകളും രംഗത്തെത്തിയതോടെ കോളേജുകളിലെ സംഘര്‍ഷം തെരുവുകളിലേക്ക് വാപിച്ചിരുന്നു. വിവിധയിടങ്ങളില്‍ വിദ്യാര്‍ഥികള്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടുകയും ചെയ്തു. ഇതോടെ സ്‌കൂളുകളും കോളേജുകളും അടക്കേണ്ട സാഹചര്യമുണ്ടായിരുന്നു. ഹിജാബ് നിരോധിച്ച കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിനെതിരെ വിവിധ വിദ്യാര്‍ഥിനികളും സംഘടനകളും കോടതിയെ സമീപിക്കുകയും അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ ഹിജാബ് നിരോധനം തുടരാമെന്ന് കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഹിജാബ് മാത്രമല്ല, കാവി ഷാള്‍ പുതച്ച് വരികയും ചെയ്യരുത് എന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. അന്തിമ ഉത്തരവ് വരുന്നത് വരെ മതത്തെ സൂചിപ്പിക്കുന്ന ഒരു തരം വസ്ത്രങ്ങളും വിദ്യാര്‍ത്ഥികള്‍ ധരിക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സമാധാനം തകര്‍ക്കുന്ന ഒരു തരത്തിലുള്ള നീക്കങ്ങളും പാടില്ലെന്നും സമാധാനം ഉറപ്പാക്കുന്നതാണ് അത്യന്താപേക്ഷിതമാണെന്നുമാണ് കോടതി നിരീക്ഷിച്ചത്. വിഷയവുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കുന്നത് കോടതി ഫെബ്രുവരി 14ലേക്ക് മാറ്റിയിട്ടുണ്ട്.

