കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഉള്‍നാടുകളെയും ഗ്രാമീണ മേഖലയെയുമാണ് സമരം ഏറെ ബാധിച്ചിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസുകള്‍ നടത്തുന്നത് ജനത്തിന് ഏറെ ആശ്വാസമാകുന്നുണ്ടെങ്കിലും യാത്രാ ദുരിതത്തിന് പരിഹാരമാകുന്നില്ല.
ബസ് നിരക്ക് വര്‍ധന അപര്യാപ്തമാണെന്ന് കാണിച്ചാണ് സംസ്ഥാനത്തെ സ്വകാര്യ ബസ് തൊഴിലാളികള്‍ സമരം ആരംഭിച്ചത്. മിനിമം നിരക്ക് പത്ത് രൂപ വേണമെന്ന ആവശ്യത്തില്‍ നിന്ന് സമരക്കാര്‍ പിന്നാക്കം പോയെങ്കിലും വിദ്യാര്‍ത്ഥികളുടെ യാത്രാ സൗജന്യമടക്കമുള്ളവയില്‍ മാറ്റം വേണമെന്നാണ് ആവശ്യം. വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം നേരിടേണ്ടി വരുമെന്നതിനാല്‍ ഇത് സര്‍ക്കാരിന് എത്രമാത്രം അംഗീകരിക്കാന്‍ കഴിയുമെന്ന് കണ്ടറിയണം.
അതേസമയം, സംസ്ഥാനത്ത് സമരം നടത്തുന്ന സ്വകാര്യ ബസുടമകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനുമായി ബസുടമകള്‍ നടത്തുന്ന ചര്‍ച്ചയെത്തുടര്‍ന്ന് സമരം പിന്‍വലിക്കുമെന്നാണ് സൂചന

