ബെയ്റൂത്ത് സ്ഫോടനം; മേഖലയില്‍ റേഡിയേഷന്‍ വര്‍ധനവ് ഇല്ലെന്ന് കണ്ടെത്തി ഐ‌എ‌ഇ‌എ മിഷന്‍

ബെയ്റൂത്ത്: ലോകത്തെ നടക്കിയ ബെയ്റൂത്ത് തീരത്തെ സ്ഫോടനത്തിന് ശേഷം മേഖലയില്‍ റേഡിയേഷന്‍ വര്‍ദ്ധനവ് ഇല്ലെന്ന് അന്താരാഷ്ട്ര ആറ്റോമിക് എനര്‍ജി ഏജന്‍സി കണ്ടെത്തി. സെപ്റ്റംബര്‍ പകുതിയോടെയായിരുന്നു ഐഎഎംഇഎ സംഘം മേഖലയില്‍ പരിശോധന നടത്തിയത്. ഓഗസ്റ്റ് 4 ന് ബെയ്റൂത്ത് തുറമുഖത്ത് ഉണ്ടായ സ്ഫോടനത്തെത്തുടര്‍ന്ന് അടിയന്തര പ്രതിരോധ നടപടികളെ പിന്തുണയ്ക്കാന്‍ ഐ‌എ‌ഇ‌എ ദൗത്യ സംഘത്തോട് ലെബനീസ് അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സംഘം മേഖലയിലെ റേഡിയഷന്‍ അളവ് പരിശോധിച്ചത്.

സെപ്റ്റംബര്‍ 14 മുതല്‍ 18 വരെ നടത്തിയ പരിശോധനയില്‍ ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള നാല് വിദഗ്ധരും നാല് ഐ‌എ‌ഇ‌എ സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു. ആണവ സുരക്ഷ, മറ്റ് സുരക്ഷാ കാര്യങ്ങള്‍ എന്നിവയ്ക്കുള്ള പ്രത്യേക നിര്‍ദേശവം സംഘം കൈമാറി. റേഡിയേഷന്‍ സര്‍വേകളില്‍ അസാധാരണമായ റേഡിയേഷന്‍ നിലകളൊന്നും കണ്ടെത്തിയില്ലെന്നും സ്വാഭാവിക പശ്ചാത്തല വികിരണം മാത്രമാണ് ഉള്ളതെന്നുമാണ് ലെബനന്‍ ആറ്റോമിക് എനര്‍ജി കമ്മീഷന് (LAEC)സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഐഎഎംഇഎ വ്യക്തമാക്കുന്നത്.

‘സ്ഫോടനത്തെത്തുടര്‍ന്ന് ഉയര്‍ന്ന തോതിലുള്ള വികിരണങ്ങളില്ലെന്ന് സ്ഥിരീകരിക്കുന്നതിനായി അംഗരാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരുടെ പങ്കാളിത്തത്തോടെ ഐ‌എ‌ഇ‌എ സഹായ ദൗത്യം പ്രത്യേക സൈറ്റുകളില്‍ റേഡിയേഷന്‍ സര്‍വേകളും വിശകലനങ്ങളും നടത്തുകയായിരുന്നു. സ്ഫോടനത്തിന്‍റെ ആഘാതത്തില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന ലെബനന് എല്ലാ വിധ പിന്തുണയും നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ്’- ഐ‌എ‌ഇ‌എ ഡയറക്ടര്‍ ജനറല്‍ റാഫേല്‍ മരിയാനോ ഗ്രോസി പറഞ്ഞു.

റേഡിയോ ആക്ടീവ് വസ്തുക്കളിലും ഉറവിടങ്ങളിലും സ്ഫോടനത്തിന്റെ ആഘാതം ഐ‌എ‌ഇ‌എ സംഘം വിലയിരുത്തി. രണ്ട് ആശുപത്രികളിലെ റേഡിയോ ആക്ടീവ് സ്രോതസ്സുകള്‍ സുരക്ഷിതമാണെന്ന് സംഘം സ്ഥിരീകരിച്ചു. ന്യൂക്ലിയര്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി സ്ക്രാപ്പിയാര്‍ഡുകള്‍, ആശുപത്രികള്‍, തുറമുഖം എന്നിവിടങ്ങളില്‍ ചില നടപടികള്‍ കൈക്കൊള്ളാന്‍ ടീം ശുപാര്‍ശ ചെയ്തു, സ്ക്രാപ്പിയാര്‍ഡ് തൊഴിലാളികള്‍ക്കുള്ള പരിശീലനം, റേഡിയോ ആക്ടീവ് വസ്തുക്കളുടെ സാന്നിധ്യം സൂചിപ്പിക്കുന്നതിനുള്ള മികച്ച ഉപകരണങ്ങള്‍, അത്തരം വസ്തുക്കളുടെ സംഭരണത്തിനുള്ള സുരക്ഷ എന്നിവയെ കുറിച്ച്‌ ലബനന് നിര്‍ദേശങ്ങള്‍ നല്‍കിയതായും സംഘം പറഞ്ഞു.

prp

Leave a Reply

*