കൊല്‍ക്കത്ത: ബംഗാള്‍ ബി.ജെ.പിയിലെ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായും ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയും അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ബംഗാള്‍ ബി.ജെ.പി ഉപാദ്ധ്യക്ഷന്‍ സൗമിത്ര ഖാന് ആവശ്യപ്പെട്ടു.
മുതിര്‍ന്ന നേതാക്കള്‍ ഉടന്‍ ഇടപെടല്‍ നടത്തിയില്ലെങ്കില്‍ ബംഗാളിലെ ബി.ജെ.പിയുടെ അവസ്ഥ കേരളത്തിലെ ബി.ജെ.പിയെക്കാള്‍ പരിതാപകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
‘ദിശയറിയാത്ത അവസ്ഥയിലാണ് ബംഗാളിലെ പാര്‍ട്ടിയും നേതാക്കളും. ഇതിനൊരു പരിഹാരം കാണാന്‍ ഡല്ഹിയിലുള്ളവര്ക്കേ സാധിക്കൂ. ഉചിതമായ സഹായം അവിടെ നിന്ന് ലഭിക്കുകയും പ്രശ്നപരിഹാരമുണ്ടാക്കുകയും ചെയ്താല്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ഒന്നും ചെയ്യാന്‍ സാധിക്കില്ല. ഇപ്പോഴുള്ള സംസ്ഥാന നേതാക്കളില്‍ സുവേന്ദു അധികാരി മാത്രമാണ് നല്ല നേതാവ്’ – സൗമിത്ര ഖാന് പറഞ്ഞു.
പശ്ചിമ ബംഗാളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് ബി.ജെ.പി നേരിട്ടത്. ഇതോടെ നേതാക്കള്‍ക്കിടയിലെ ഭിന്നത രൂക്ഷമായി. ഇതിന് പിന്നാലെയാണ് കേന്ദ്ര നേതാക്കളുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ബംഗാള്‍ ബി.ജെ.പി ഉപാദ്ധ്യക്ഷന്‍ സൗമിത്ര ഖാന് രംഗത്തെത്തിയത്.

