ആലുവ: ബൈക്കില്‍ ആവശ്യത്തിന് ഇന്ധനം ഇല്ലാത്തതിന് പൊലീസ് ചലാന്‍ നല്‍കിയ സംഭവത്തില്‍ വിശദീകരണവുമായി പൊലീസ്.
ചലാന്‍ മെഷീനില്‍ കോഡ് തെറ്റായി നല്‍കിയതിനാലാണ് ചലാന്‍ മാറ്റിയതെന്ന് കേരള പൊലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.
കുറിപ്പ് ഇങ്ങനെയാണ്: എടത്തല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൂക്കാട്ടുപടിയില്‍ 22 നായിരുന്നു സംഭവം. അമിതപ്രകാശം പരത്തുന്ന ലൈറ്റുകള്‍ ഘടിപ്പിച്ച ബൈക്കില്‍ വണ്‍വേ മുറിച്ചുകടക്കുകയായിരുന്ന യുവാവിനെ പൊലീസ് തടയുകയും പിഴയടയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അനധികൃത ലൈറ്റ് സ്ഥാപിച്ചതിന് 250 രൂപ പിഴയടയ്ക്കാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍, ചലാന്‍ മെഷീനിലെ പിഴയുമായി ബന്ധപ്പെട്ട കുറ്റത്തിന്‍റെ കോഡ് നമ്ബര്‍ തിരഞ്ഞെടുക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥന് അബദ്ധം പറ്റി.
മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 46(2)(ഇ) ആണ് തെറ്റായി വന്നത്. പിഴയടച്ച യുവാവ് ചലാനില്‍ പരാമര്‍ശിച്ചിരിക്കുന്ന കുറ്റകൃത്യം രസകരമായി തോന്നിയതിനാല്‍ ചലാന്‍ ഒരു സ്റ്റാറ്റസായി വാട്ട്സ്‌ആപ്പില്‍ പോസ്റ്റുചെയ്തു. പിന്നീട് ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അബദ്ധം മനസിലാക്കിയ പൊലീസ് യുവാവിനെ ബന്ധപ്പെടുകയും ഇക്കാര്യം ബോധ്യപ്പെടുത്തുകയും പുതിയ ചലാന്‍ നല്‍കുകയും ചെയ്തു.

