ബുര്‍വി: 35,000 പേരെ മാറ്റിപ്പാര്‍പ്പിക്കും; ദുരന്ത സാഹചര്യം നേരിടാന്‍ കൊല്ലം സുസജ്ജം -കലക്ടര്‍

കൊല്ലം: ബുര്‍വി ചുഴലിക്കാറ്റ് നേരിടാന്‍ ജില്ല സുസജ്ജമെന്ന് കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. ജില്ലയിലെ കുളത്തുപ്പുഴ, തെന്മല, ആര്യങ്കാവ് ഭാഗങ്ങളില്‍ ചുഴലിക്കാറ്റ് ബാധിക്കാന്‍ സാധ്യതയുണ്ട്. ഇവിടെ എല്ലാവിധ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ജില്ലയിലെ മുഴുവന്‍ ഭാഗങ്ങളിലും ചെറുതും വലുതുമായ രീതിയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. കാറ്റി​െന്‍റ ഗതി അനുസരിച്ച്‌ മുന്നറിയിപ്പുകളില്‍ മാറ്റം വരാം. അപകട മേഖലയില്‍ ഉള്ളവരെ ഉടന്‍ തന്നെ മാറ്റി താമസിപ്പിക്കും.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മുന്‍കരുതല്‍ എന്ന നിലയ്ക്ക് 35,000 ആളുകളെ മാറ്റിപാര്‍പ്പിക്കാന്‍ നടപടി തുടങ്ങി. ഇതിനായി 358 കേന്ദ്രങ്ങള്‍ ഒരുക്കി. അപകടാവസ്ഥയില്‍ കഴിയുന്ന 2391 പേരെ എത്രയും പെട്ടെന്ന് മാറ്റി പാര്‍പ്പിക്കും.

തീരമേഖല, മലയോര മേഖല എന്നിവിടങ്ങളിലെ എല്ലാ പഞ്ചായത്ത് മുന്‍സിപ്പാലിറ്റികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. മലയോര മേഖലയില്‍ രാത്രി യാത്രയും മറ്റ് ദൂരയാത്രകളും പരമാവധി ഒഴിവാക്കണം. വിനോദസഞ്ചാര മേഖല, മല്‍സ്യബന്ധന മേഖല, മണ്ണെടുപ്പ്, ക്വാറി എന്നിവിടങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപകട സാധ്യതയുള്ള മരങ്ങള്‍ മുറിക്കാനുള്ള നിര്‍ദേശവും നല്‍കി. പൊതു ഗതാഗതം നിയന്ത്രിക്കേണ്ട സാഹചര്യം നിലവിലില്ലെന്നും കലക്ടര്‍ പറഞ്ഞു.

കടലില്‍ പോയ മുഴുവന്‍ ബോട്ടുകളും തിരിച്ചെത്തിക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏകദേശം എല്ലാ ബോട്ടുകളും തിരിച്ചെത്തിയതായി കലക്ടര്‍ അറിയിച്ചു. മറ്റ് ജില്ലകളില്‍ നിന്നും കടലില്‍ പോയ ആളുകള്‍ അടിയന്തര സാഹചര്യത്തില്‍ കൊല്ലത്തേക്ക് എത്താന്‍ സാധ്യതയുണ്ട്. ഇവര്‍ക്ക് വേണ്ട സഹായം നല്‍കും.

നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ അടിയന്തര സാഹചര്യത്തില്‍ അല്ലാതെ അവധിയെടുക്കാന്‍ പാടില്ല. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. കോവിഡ് ബാധിച്ചവര്‍ക്കും ക്വാറ​ന്‍റീനില്‍ ഉള്ളവര്‍ക്കും ഐസൊലേഷന്‍ സൗകര്യം ഒരുക്കും. ജനങ്ങള്‍ക്ക് 24 മണിക്കൂറും ബന്ധപ്പെടാന്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ജില്ല ദുരന്തനിവാരണ അതോറിറ്റിയില്‍ പ്രധാനപ്പെട്ട എല്ലാ വകുപ്പ് മേധാവികളുടെയും സേവനം ലഭ്യമാണ്. ഏത് വകുപ്പിനെയും ഏത് സാഹചര്യത്തിലും ബന്ധപ്പെടാം.

ജില്ലയിലെ ഡാമുകള്‍ നിലവില്‍ സുരക്ഷിതമാണ്. ആവശ്യമെങ്കില്‍ വെളളം തുറന്നു വിടാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. മണ്‍റോ തുരുത്തില്‍ പ്രത്യേകം ശ്രദ്ധ നല്‍കി സുരക്ഷാ നടപടികള്‍ സ്വീകരിച്ചതായും കലക്ടര്‍ അറിയിച്ചു.

കണ്‍ട്രോള്‍ റൂം നമ്ബറുകള്‍

ജില്ലാ ദുരന്തനിവാരണ അതോറിറ്റി – 1077

കലക്ടറേറ്റ് – 0474 2794002, 2794004

കൊല്ലം താലൂക്ക് ഓഫിസ് – 0474 2742116

പുനലൂര്‍ താലൂക്ക് ഓഫിസ് – 0475 2222605

കരുനാഗപ്പള്ളി താലൂക്ക് ഓഫീസ് – 0476 2620223

കൊട്ടാരക്കര താലൂക്ക് ഓഫിസ് – 0474 2454623,

കുന്നത്തൂര്‍ താലൂക്ക് ഓഫിസ് – 0476 2830345,

പത്തനാപുരം താലൂക്ക് ഓഫിസ് – 0475 2350090

prp

Leave a Reply

*