ബംഗാളികളെന്ന പേരിലെത്തുന്ന ബംഗ്ലാദേശികള്‍, തങ്ങുന്നത് കൂട്ടമായി ചില പ്രത്യേക സ്ഥലങ്ങളില്‍ , പെരുമ്ബാവൂരില്‍ അല്‍ഖ്വയ്ദ ഭീകരര്‍ പിടിയിലായിട്ടും ഉണരാതെ പൊലീസ്

തിരുവനന്തപുരം: അല്‍ഖ്വയ്ദ ബന്ധമുള്ള ഭീകരരെ പെരുമ്ബാവൂരിലെ അന്യസംസ്ഥാന തൊഴിലാളി ക്യാമ്ബില്‍ നിന്ന് ദേശീയ അന്വേഷണ ഏജന്‍സി പിടികൂടി മാസങ്ങള്‍ കഴിഞ്ഞിട്ടും സംസ്ഥാനത്തെ അന്യസംസ്ഥാന തൊഴിലാളി ക്യാമ്ബുകളില്‍ പൊലീസിന്റെയും ഇന്റലിജന്‍സിന്റെയും നിരീക്ഷണം പേരിന് മാത്രം. ലോക്ക് ഡൗണിന് മുമ്ബും പിമ്ബും ഓരോ പ്രദേശത്തും വന്നുപോകുകയും തമ്ബടിക്കുകയും ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളെപ്പറ്റി കൃത്യമായ യാതൊരുവിവരവും പൊലീസിന്റെ പക്കലില്ലെന്നതാണ് വാസ്തവം.

ലോക്ക് ഡൗണിന് പിന്നാലെ തിരഞ്ഞെടുപ്പ് ചുമതലകളുടെ തിരക്ക് കൂടി ആയതാണ് അന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തിന് തടസ്സമാകുന്നതെന്ന് പൊലീസ് വെളിപ്പെടുത്തുമ്ബോള്‍ കാലങ്ങളായി ഓരോരോ കാരണങ്ങളുടെ പേരില്‍ ചുമതലകളില്‍ വരുത്തുന്ന വീഴ്ചകളാണ് ഭീകരവാദികളും ക്രിമിനലുകളുമുള്‍പ്പെടെ കേരളത്തെ സുരക്ഷിത താവളമാക്കുന്നതിന് കാരണം. സംസ്ഥാനത്തെ ഒരു പൊലീസ് സ്റ്റേഷനില്‍ പോലും തങ്ങളുടെ പരിധിയിലുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ പേരോ വിലാസമോ കൃത്യമായി ഇല്ല. തൊഴിലാളിക്യാമ്ബുകളുടെയും ചില തൊഴിലുടമകളുടെയും വിവരങ്ങള്‍ മാത്രമാണ് പൊലീസിനുള്ളത്.

നിര്‍മ്മാണമേഖലയില്‍ തുടങ്ങി സര്‍വമേഖലകളിലും പടര്‍ന്നു

ഏകദേശം ഒന്നര പതിറ്റാണ്ട് മുമ്ബാണ് സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികളുടെ കടന്നുവരവ് തുടങ്ങിയത്. നിര്‍മ്മാണ മേഖലയില്‍ ജോലി തേടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെത്തപ്പെട്ട ഇവര്‍ പിന്നീട് സമസ്ത മേഖലകളും കൈയ്യടക്കി.ഇഷ്ടികകമ്ബനികള്‍, കശുഅണ്ടി ഫാക്ടറികള്‍, ഹോട്ടലുകള്‍, മരാമത്ത് പണികള്‍, തെങ്ങ് കയറ്റം, മരം മുറിക്കല്‍, ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍, മത്സ്യ ബന്ധനം തുടങ്ങി എല്ലാ തൊഴില്‍ മേഖലകളും അന്യസംസ്ഥാന തൊഴിലാളികളുടെ നിയന്ത്രണത്തിലായി.

കേരളം സുരക്ഷിതതാവളം

തൊഴിലുടമയെയും ഒപ്പമുള്ളവരെയും അരും കൊലചെയ്യുകയും കവര്‍ച്ചചെയ്യുകയും ചെയ്തതുള്‍പ്പെടെ തൊഴിലാളികളുടെ എണ്ണം പെരുകിയതനുസരിച്ച്‌ ഇവരുള്‍പ്പെടുന്ന കുറ്റകൃത്യങ്ങളും വര്‍ദ്ധിച്ചു. പശ്ചിമബംഗാള്‍, ബീഹാര്‍, യു.പി, രാജസ്ഥാന്‍, അസാം എന്നിവിടങ്ങളില്‍ നിന്ന് കേരളത്തലേക്ക് അതിഥിതൊഴിലാളികളുടെ വരവ് വര്‍ദ്ധിച്ചതോടെ അവിടങ്ങളില്‍ നിന്നുളള കുറ്റവാളികളും കേരളത്തെ സുരക്ഷിത താവളമാക്കി.

തൊഴിലുടമകള്‍ ഇവരുടെ ഫോട്ടോയും തിരിച്ചറിയല്‍ രേഖകളുമുള്‍പ്പെടെയുള്ള വിവരങ്ങള്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലെത്തി കൈമാറണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും മിക്ക കരാറുകാരും ഇതൊന്നും പാലിക്കാറില്ല. തൊഴിലിടങ്ങളിലെത്തി നിയമാനുസൃതമല്ലാതെ തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ടോയെന്ന് പരശോധിക്കാന്‍ പൊലീസും മെനക്കെടില്ല.

ലേബര്‍ വകുപ്പിന്റെ സ്‌കീമുകള്‍ വിജയിച്ചില്ല

അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി അപ്നാ ഘര്‍ ഭവന പദ്ധതി ഉള്‍പ്പെടെ വിവിധ സ്‌കീമുകള്‍ ലേബര്‍ വകുപ്പ് ആവിഷ്‌കരിച്ചെങ്കിലും വളരെ കുറച്ച്‌ തൊഴിലാളികള്‍ മാത്രമാണ് പദ്ധതികളില്‍ ഭാഗഭാക്കായത്. ലോക്ക് ഡൗണിന് മുമ്ബ് പത്ത് ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികള്‍ സംസ്ഥാനത്തുണ്ടായിരുന്നുവെന്നാണ് ലേബര്‍ വകുപ്പിന്റെ കണക്ക്. ലോക്ക് ഡൗണിന് മുമ്ബ് ഇവരില്‍ പകുതിയിലധികം പേര്‍ നാട്ടിലേക്ക് മടങ്ങിയതായും അണ്‍ലോക്ക് വണ്ണില്‍ കഷ്ടിച്ച്‌ ഒന്നര ലക്ഷത്തോളം തൊഴിലാളികള്‍ തിരികെ വന്നതായും ലേബര്‍ വകുപ്പ് അവകാശപ്പെടുന്നു. തൊഴില്‍ മേഖലയില്‍ പൊതുവില്‍ മാന്ദ്യം അനുഭവപ്പെട്ടിരിക്കെ നിര്‍മ്മാണ മേഖലയലേതടക്കം കരാറുകാരുടെ കീഴില്‍ ജോലി ചെയ്യുന്നവരും അല്ലാത്തവരുമായ തൊഴിലാളികള്‍ ജോലി അന്വേഷിച്ച്‌ ഒരു ജില്ലയില്‍ നിന്ന് മറ്ര് ജില്ലകളലേക്കും മറ്റും യഥേഷ്ടം മാറി പോകാറുണ്ട്.

വാട്സ് ഗ്രൂപ്പുകളില്‍ സജീവം

അന്യസംസ്ഥാന തൊഴിലാളികളുടെ കേന്ദ്രമായ പെരുമ്ബാവൂരലേക്കും അവിടെ നിന്ന് മറ്റിടങ്ങളലേക്കും ധാരാളം അന്യസംസ്ഥാന തൊഴിലാളികള്‍ മാറിയും തിരിഞ്ഞും ജോലിക്കായി എത്തുന്നുണ്ട്. ഇതൊന്നും പൊലീസോ ലേബര്‍ വകുപ്പോ അറിയാറില്ല. ആഡംബര ഫോണുകള്‍ ഉപയോഗിക്കുന്ന ഇവരില്‍ പലരും സമൂഹമാദ്ധ്യമങ്ങളിലും സജീവമാണ്. പലസംസ്ഥാനങ്ങളില്‍ നിന്നായെത്തിയ ഇവര്‍ക്കിടയില്‍ നിരവധി ഗ്രൂപ്പുകളുമുണ്ട്. അന്യസംസ്ഥാന തൊഴിലാളികള്‍ പൊതുവില്‍ ബംഗാളികളെന്ന പേരിലാണ് കരുതപ്പെടുന്നതെങ്കിലും ഇവര്‍ക്കിടയില്‍ നുഴഞ്ഞുകയറ്റക്കാരായ ബംഗ്ലാദേശികളും മുഷ്രാബാദ്, സിലിഗുരി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള തീവ്രമനോഭാവക്കാരുമുണ്ട്.

ഇത്തരക്കാര്‍ ചില പ്രത്യേക സ്ഥലങ്ങളില്‍ കൂട്ടമായേ താമസിക്കാറുള്ളൂ. അവരുടെതായ ഭാഷകളിലുള്ള വാട്ട്സ് ആപ് , ഫേസ് ബുക്ക് ഗ്രൂപ്പുകളും ഇവര്‍ക്കുണ്ട്. ഇവരുടെ ഫോണ്‍നമ്ബരുള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ പൊലീസിന്റെ പക്കലില്ലാത്തതിനാല്‍ ഗ്രൂപ്പുകളില്‍ ഇവര്‍ നടത്തുന്ന ആശയവിനിമയങ്ങളോ ഇടപാടുകളോ നിരീക്ഷിക്കാന്‍ പൊലീസിന് പലപ്പോഴും കഴിയാറില്ല.

സൈബര്‍ ഡോം പരാജയം

സൈബര്‍ ഡോം ഉള്‍പ്പെടെയുള്ള സന്നാഹങ്ങളുണ്ടെന്ന് അവകാശപ്പെടുമ്ബോഴും പെരുമ്ബാവൂരില്‍ നിന്ന് പിടിയിലായ അല്‍ഖ്വയ്ദ പ്രവര്‍ത്തകരുടെ നീക്കങ്ങള്‍ തിരിച്ചറിയാന്‍ പറ്റാതെ പോയത് പൊലീസ് നിരീക്ഷണത്തിലെ ഈ പിഴവലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ലോക്ക് ഡൗണ്‍ സമയത്ത് നാട്ടില്‍ പോകണമെന്ന ആവശ്യവുമായി പായിപ്പാട്ട് അന്യസംസ്ഥാന തൊഴിലാളികള്‍ സംഘടിച്ച്‌ റോഡിലിറങ്ങിയ സംഭവത്തിന് ശേഷം പോലും ഇവരുടെ സമൂഹ മാദ്ധ്യമ ഗ്രൂപ്പുകള്‍ പൊലീസ് നിരീക്ഷണത്തിലായില്ല എന്നതാണ് വാസ്തവം.

കേരളം തന്ത്രപ്രധാന പ്രദേശം

ദേശസുരക്ഷയുമായി ബന്ധപ്പെട്ട് തന്ത്രപ്രധാന കേന്ദ്രങ്ങളും സ്ഥാപനങ്ങളും ഉള്‍ക്കൊള്ളുന്നതാണ് സംസ്ഥാനത്തെ പലജില്ലകളും. റോഡ് മാര്‍ഗവും കടല്‍ മാര്‍ഗവും ആര്‍ക്കും കടന്നുവരാന്‍ കഴിയുന്ന വിധത്തിലാണ് കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ്.പദ്മനാഭ സ്വാമി ക്ഷേത്രം, ടെക്നോപാര്‍ക്ക്, വി.എസ്.എസ്.സി, വന്‍കിട ആശുപത്രികള്‍, ഷോപ്പിംഗ് മാളുകള്‍, കെ.എം.എം.എല്‍ അടക്കം തന്ത്രപ്രധാനമായ ഒട്ടനവധി വ്യവസായ സ്ഥാപനങ്ങളും സെക്രട്ടറയേറ്റ് ഉള്‍പ്പെടെ സുപ്രധാന ഓഫീസുകളുമുള്‍പ്പെടുന്ന തലസ്ഥാനനഗരവും വ്യവസായ നഗരമായ കൊച്ചിയും പോലെ തന്ത്രപ്രധാനമാണ് കേരളത്തിലെ ഓരോ ഇഞ്ച് സ്ഥലവും .

ആലുവയില്‍ പിടിയിലായത് എന്‍.ഐ.എ കേസിലെ പ്രതികള്‍

പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍ഖ്വയ്ദയുമായി ബന്ധമുള്ള മുര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മൊഷറഫ് ഹസന്‍ എന്നിവരാണ് ഇക്കഴിഞ്ഞ സെപ്തംബറില്‍ പെരുമ്ബാവൂരില്‍ നിന്നും ആലുവയിലെ പാതാളത്തു നിന്നും പിടിയിലായത്. എന്‍.ഐ.എ ഡല്‍ഹി യൂണിറ്റ് അന്വേഷിച്ചുവന്ന ഇവരെ സംസ്ഥാന ഇന്റലിജന്‍സിന്റെയും എറണാകുളം റൂറല്‍ പൊലീസിന്റെയും സഹായത്തോടെയാണ് പിടികൂടിയത്.ഡിജിറ്റല്‍ ഡിവൈസുകളും ആയുധങ്ങളും ദേശവിരുദ്ധ ലേഖനങ്ങളും ഇവരില്‍ നിന്ന് പിടികൂടുകയും ചെയ്തിരുന്നു. കേരളത്തില്‍ ഏറെ നാളായി പലവിധ ജോലികള്‍ ചെയ്ത് അന്യസംസ്ഥാന തൊഴിലാളികളെന്ന പേരില്‍ സുരക്ഷിതരായി ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍. പെരുമ്ബാവൂരില്‍ കേരള മനസാക്ഷിയെ ഞെട്ടിച്ച ക്രൂര പീഡനത്തിനിരയായി യുവതി കൊല്ലപ്പെട്ട കേസില്‍ അന്യ സംസ്ഥാന തൊഴിലാളി അമീറുള്‍ ഇസ്ളാം അറസ്റ്റിലായത് മുതല്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ക്കിടയിലെ ക്രിമിനലുകള്‍ നാടിന് ഭീഷണിയായിരുന്നിട്ടും ഇവരെ കണ്ടെത്താനോ പിടികൂടാനോ പൊലീസിന്റെ ഭാഗത്തുനിന്ന് കുറ്റമറ്റ മാര്‍ഗങ്ങളൊന്നും നാളിതുവരെ ഉണ്ടായിട്ടില്ല.

prp

Leave a Reply

*