പ്രവാചകനിന്ദ: നുപൂര്‍ ശര്‍മ്മയ്‌ക്കെതിരെ വീണ്ടും കേസെടുത്ത് ബംഗാള്‍ പൊലീസ്

കൊല്‍ക്കത്ത: പ്രവാചക നിന്ദയില്‍ ബിജെപി നേതാവ് നുപൂര്‍ ശര്‍മ്മയ്‌ക്കെതിരെ വീണ്ടും കേസെടുത്ത് ബംഗാള്‍ പൊലീസ്.

നര്‍ക്കല്‍ദംഗ പൊലീസ് നുപൂര്‍ ശര്‍മ്മയ്ക്ക് നോട്ടീസ് അയച്ചു. ബിജെപി നേതാവിന്റെ വിവാദ പരാമര്‍ശം ഗള്‍ഫ് രാജ്യങ്ങളിലടക്കം വിഷയമായതോടെ കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധിത്തിലായിരുന്നു.

പ്രവചക നിന്ദയില്‍ ഇന്നലെ മിഡ്നാപൂരിലെ കോണ്ടായി പോലീസ് നുപൂര്‍ ശര്‍മ്മയ്‌ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ടിഎംസി ന്യൂനപക്ഷ സെല്‍ ജനറല്‍ സെക്രട്ടറി അബു സോഹലിന്റെ പരാതിയിലാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 153 എ (വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 504 (പൊതു സമാധാനം തകര്‍ക്കുന്നതിലേക്ക് നയിക്കുന്ന മനഃപൂര്‍വമായ പ്രകോപനം), 505 (പൊതു ദ്രോഹം), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നിവ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ചുള്ള നുപൂര്‍ ശര്‍മ്മയുടെ വിവാദ പരാമര്‍ശത്തില്‍ പശ്ചിമ ബംഗാളില്‍ ഉടനീളം പ്രതിഷേധം ശക്തമായിരിക്കുകയാണ്. പ്രതിഷേധം അക്രമാസക്തമാവുകയും പ്രകടനക്കാര്‍ ഹൗറയിലെ ബിജെപി ഓഫീസിന് തീയിടുകയും ചെയ്തു.

പ്രതിഷേധക്കാര്‍ ഹൗറയില്‍ ദേശീയപാത ഉപരോധിച്ചപ്പോള്‍, റോഡുകള്‍ തടഞ്ഞ് പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും പകരം ന്യൂഡല്‍ഹിയിലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും പ്രതിഷേധിക്കണമെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതിഷേധക്കാരോട് അഭ്യര്‍ത്ഥിച്ചു. ”അക്രമം വ്യാപിക്കുക മാത്രമല്ല, രാജ്യത്തിന്റെ ഘടനയെ വിഭജിക്കുകയും സമാധാനത്തിനും സൗഹാര്‍ദത്തിനും വിഘാതം സൃഷ്ടിക്കുന്നതിനും കാരണമായ ഏതാനും വിനാശകാരികളായ ബി.ജെ.പി നേതാക്കള്‍ അടുത്തിടെ നടത്തിയ ഹീനവും ക്രൂരവുമായ വിദ്വേഷ പ്രസംഗങ്ങളെ ഞാന്‍ അപലപിക്കുന്നു,” മമത ബാനര്‍ജി പറഞ്ഞു. ബിജെപി നേതാവിന്റെ വിവാദ പ്രസ്താവന ലോക രാജ്യങ്ങള്‍ക്കു മുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ത്തുവെന്നും മമത കൂട്ടിച്ചേര്‍ത്തു.

ബിജെപി ദേശീയ വക്താവിനെതിരെ നേരത്തെ മുംബൈ പൊലീസും കേസെടുത്തിരുന്നു. സംവാദത്തിനിടെയാണ് പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ നുപൂര്‍ ശര്‍മ്മ വിദ്വേഷ പരാമര്‍ശം നടത്തിയത്. മതവികാരം വ്രണപ്പെടുത്തുക, ശത്രുത വളര്‍ത്തുക, പൊതുശല്യം ഉണ്ടാക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. ടൈംസ് നൗവില്‍ ഗ്യാന്‍വാപി മസ്ജിദ് വിഷയവുമായി ബന്ധപ്പെട്ടു നടന്ന വാര്‍ത്താ സംവാദത്തിനിടെയായിരുന്നു നുപൂര്‍ ശര്‍മയുടെ വിവാദ പരാമര്‍ശം. സംവാദത്തില്‍ പ്രവാചകനേയും പത്‌നിയെയും കുറിച്ച്‌ നുപൂര്‍ നടത്തിയ പരാമര്‍ശങ്ങള്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നാരോപിച്ച്‌ റാസ അക്കാദമിയുടെ മുംബൈ വിഭാഗം ജോയിന്റ് സെക്രട്ടറി ഇര്‍ഫാന്‍ ഷെയ്ഖാണ് പരാതി നല്‍കിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295-എ(ഏതെങ്കിലും വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള നടപടി), 153-എ(വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍) തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് നുപൂര്‍ ശര്‍മയ്ക്കെതിരെ കേസെടുത്തത്.

prp

Leave a Reply

*