ബാബുവിനെ രക്ഷപ്പെടുത്തിയ ലഫ്. കേണല്‍ ഹേമന്ദ് രാജും സംഘവും വീണ്ടും പാലക്കാട്ടേക്ക്; രക്ഷാദൗത്യത്തില്‍ പങ്കാളികളായ എല്ലാവരെയും ഒന്നുകൂടി കാണണമെന്ന് ആഗ്രഹം; ബാബുവിന്റെ ഫോണ്‍ നേരിട്ട് കൈമാറുമെന്നും ഹേമന്ദ് രാജ്

പാലക്കാട്: മലമ്ബുഴ ചെറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷപെടുത്തിയ ലഫ്. കേണല്‍ ഹേമന്ദ് രാജും സംഘവും വീണ്ടും പാലക്കാട്ടേക്ക് എത്തും.

ബാബുവിന്റെ ഫോണ്‍ നേരിട്ട് കൈമാറാനും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ എല്ലാവരെയും ഒന്നുകൂടി കാണാനുമാണ് സംഘം എത്തുന്നത്.

അടുത്ത ആഴ്ച സംഘം മലമ്ബുഴയില്‍ എത്തുമെന്നാണ് ലഭിക്കുന്ന വിവരം. ‘ഞങ്ങള്‍ക്ക് ബാബുവിനെ കാണണം, ഒപ്പം ആ നാട്ടുകാരേയും, ഞങ്ങള്‍ ജോലിയുടെ ഭാഗമായാണ് രക്ഷാദൗത്യം നിര്‍വ്വഹിച്ചത്. എന്നാല്‍ ഞങ്ങളോടൊപ്പം വന്ന നാട്ടുകാരുടെ സേവനം അത്രമേല്‍ വലുതായിരുന്നു. അവരെയെല്ലാവരേയും നേരില്‍ കണ്ട് അഭിനന്ദനം അറിയിക്കണം. ബാബുവിന്റെ ഫോണ്‍ ഞങ്ങളുടെ കൈവശമുണ്ട്. അത് നേരിട്ട് കൈമാറും.’ ഹേമന്ദ് രാജ് പറഞ്ഞു.

ബാബുവിന്റെ ഫോണ്‍ കൈവശമുള്ള സെല്‍ഫിയും ഹേമന്ദ് രാജ് കുടുംബാംഗങ്ങള്‍ക്ക് അയച്ച്‌ നല്‍കി. പാറയിടുക്കില്‍ നിന്നും ബാബുവിനെ രക്ഷിച്ച സൈനികന്‍ ബാലകൃഷ്ണന്റെ കൈവശമായിരുന്നു ഫോണ്‍. ദൗത്യത്തിന് ശേഷം ഫോണ്‍ തനിക്ക് കൈമാറിയെങ്കിലും തിരികെ നല്‍കാനായില്ല. ദൗത്യത്തിനായി ഡ്രോണ്‍ ദൃശ്യങ്ങള്‍ നല്‍കികൊണ്ടിരുന്ന കാര്‍ത്തിക്, സൂരജ് എന്നിവരേയും നേരില്‍ കാണണമെന്ന് അദ്ദേഹം വ്യക്തമാക്കി. അവര്‍ നല്‍കിയ ദൃശ്യങ്ങള്‍ ദൗത്യത്തിന് വളരെ ഏറെ സഹായിച്ചു.

രണ്ട് ദിവസത്തോളം മലയിടുക്കില്‍ ഒറ്റയ്‌ക്ക് കഴിഞ്ഞ ബാബുവിനെ സൈന്യത്തിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച രാവിലെയാണ് രക്ഷപ്പെടുത്തിയത്. പിന്നീട് ഹൈലികോപ്ടറില്‍ എയര്‍ലിഫ്റ്റ് ചെയ്തായിരുന്നു ബാബുവിനെ കഞ്ചിക്കോട് എത്തിച്ചത്. തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇവിടുത്തെ പരിശോധന പൂര്‍ത്തിയായതിന് ശേഷം 11-ാം തീയതിയാണ് ബാബു ആശുപത്രിവിട്ടത്.

അതേസമയം ബാബുവിന്റെ രക്ഷാ പ്രവര്‍ത്തനത്തില്‍ അഗ്നി രക്ഷാ വകുപ്പിന് വീഴ്ചയുണ്ടായതായി നിരീക്ഷണം. പാലക്കാട് ജില്ലാ ഓഫീസര്‍ക്ക് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡയറക്ടര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. യുവാവ് മലയില്‍ കുടുങ്ങിക്കിടക്കുന്നത് ഉദ്യോഗസ്ഥര്‍ യഥാസമയം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ലെന്ന കാരണം കാണിച്ചാണ് നോട്ടീസ്. യുവാവ് മലയില്‍ കുടുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങളടക്കം മാധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടും ശരിയായ ഇടപെടലുണ്ടായില്ലെന്നും വിമര്‍ശനമുണ്ട്

യഥാസമയം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ല, ആവശ്യമായ ജീവനക്കാരെ നിയോഗിച്ചില്ല, സാങ്കേതിക സഹായം നല്‍കുന്നതില്‍ പരാജയപ്പെട്ടു എന്നീ ആരോപണങ്ങളാണ് നോട്ടീസിലുള്ളത്. ഇക്കാര്യങ്ങളിലാണ് അഗ്നി രക്ഷാ ഓഫീസര്‍ ഋതീജിനോട് വിശദീകരണം തേടിയത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് ബാബുവും സുഹൃത്തുക്കളും ചോറോട് മല കയറിയത്. തിരിച്ചിറങ്ങുന്നതിനിടെ ബാബു മലയിടുക്കില്‍ കുടുങ്ങി. കുടുങ്ങിയ ബാബു തന്നെയാണ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചത്. നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും ഫയര്‍ഫോഴ്‌സും രക്ഷപ്പെടുത്താന്‍ പലവിധ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് സൈന്യവും എന്‍ഡിആര്‍എഫും സംയുക്തമായി രക്ഷാപ്രവര്‍ത്തനം നടത്തി ബാബുവിനെ രക്ഷിക്കുകയായിരുന്നു. രണ്ട് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വെള്ളിയാഴ്ചയാണ് ബാബുവിനെ വീട്ടിലെത്തിച്ചത്.

അതേസമയം ബാബുവിനെ രക്ഷിക്കാന്‍ മുക്കാല്‍ കോടി രൂപ ചിലവായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രാഥമിക കണക്കാണ് പുറത്തുവന്നത്. കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍, വ്യോമസേനാ ഹെലികോപ്റ്റര്‍, കരസേനാ , മറ്റ് രക്ഷാപ്രവര്‍ത്തകര്‍ എന്നിവ‍ര്‍ക്ക് മാത്രം സംസ്ഥാന പൊതുഖജനാവില്‍ നിന്ന് നല്‍കിയത് അരക്കോടി രൂപയെന്നാണ് കണക്കുകള്‍.

ബില്ലുകള്‍ ഇനിയും ലഭിക്കാനുള്ളതിനാല്‍ തുക ഇനിയും കൂടാനാണ് സാധ്യത. മലയിടുക്കില്‍ കുടുങ്ങിപ്പോയ ബാബുവിനെ രക്ഷിക്കാനായി തിങ്കളാഴ്ച തുടങ്ങിയ രക്ഷാ പ്രവര്‍ത്തനം ബുധനാഴ്ചയാണ് അവസാനിച്ചത്. വിവിധ രക്ഷാ സേനകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനത്തിന് സംസ്ഥാനം ചെലവിട്ടത് മുക്കാല്‍ കോടിക്കടുത്ത് തുകയെന്നാണ് പാലക്കാട് ജില്ലാ ഭരണകൂടം നല്‍കുന്ന പ്രാഥമിക കണക്ക്. ബില്ലുകള്‍ ഇനിയും കിട്ടാനുണ്ട് എന്നതിനാല്‍ തുക ഇനിയും കൂടാനാണ് സാധ്യത.

രക്ഷാ പ്രവര്‍ത്തനത്തിനായി പ്രാദേശിക സംവിധാനങ്ങള്‍ മുതല്‍ ഏറ്റവും ഒടുവില്‍ കരസേനയുടെ രക്ഷാ ദൗത്യ സംഘത്തെ വരെ എത്തിച്ചു. ദുരന്ത നിവാരണ അഥോറിറ്റി, കോസ്റ്റ് ഗാര്‍ഡ്. കരസേന എന്നിവരുടെ സേവനം തേടി. എന്‍ഡിആര്‍എഫും രക്ഷാ ദൗത്യത്തിന് മുന്നിലുണ്ടായിരുന്നു.

കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്ററിന് രണ്ടു ലക്ഷം രൂപയായിരുന്നു മണിക്കൂറിന് ചെലവ്. വ്യോമസേനാ ഹെലികോപ്റ്ററിനും ലക്ഷം കടന്നു മണിക്കൂര്‍ ചെലവ്. കരസേനയുടെതുള്‍പ്പടെയുള്ള ദൗത്യ സംഘങ്ങള്‍ക്ക് ചെലവ് പതിനഞ്ച് ലക്ഷത്തിലേറെ. എന്‍ഡിആര്‍എഫ്, ലോക്കല്‍ ഗതാഗത സൗകര്യങ്ങള്‍, മറ്റ് അനുബന്ധ ചെലവ് ഉള്‍പ്പടെ മുപ്പത് ലക്ഷത്തിലേറെ ചെവലായിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ചെലവായിട്ടുള്ള ബില്ല് പൂര്‍ണ്ണമായി ലഭിക്കാന്‍ രണ്ടു ദിവസമെടുക്കുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്.

prp

Leave a Reply

*