പാലക്കാട്: അട്ടപ്പാടിയില്‍ ചികിത്സക്ക് പകരം പൂജയും വഴിപാടും നടത്തിയ ആദിവാസി യുവാവ് മരിച്ചു. പുതൂര്‍ തച്ചംപടി ഊരിലെ മസണന്‍റെ മകന്‍ മണി(19) ആണ് പനി ബാധിച്ച് മരിച്ചത്.
കോഴിക്കോട് ഫിസിക്കല്‍ എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റിറ്റിയൂട്ട് വിദ്യാര്‍ത്ഥിയായ മണിയെ കടുത്ത പനിയെത്തുടര്‍ന്ന് മാര്‍ച്ച് മൂന്നിനാണ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, ബന്ധുക്കളെത്തി മണിയെ തിരികെ അട്ടപ്പാടിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
തുടര്‍ ചികിത്സ നല്‍കാതെ പൂജയും വഴിപാടും രോഗം മാറാനായി നടത്തുകയായിരുന്നു. രോഗം മൂര്‍ച്ഛിച്ചപ്പോള്‍ നാട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ആനക്കട്ടിയിലെ സ്വകാര്യാശുപത്രിയില്‍ പോയെങ്കിലും കിടത്തി ചികിത്സിക്കാതെ വീട്ടിലേക്ക് മടങ്ങി. എന്നാല്‍ ഇന്നലെ രാത്രി രോഗം കൂടിയതോടെ വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു.
