മുംബൈ: ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരിമരുന്ന് കേസില്‍ ബിറ്റ്കോയിന്‍ ഇടപാടുകളുണ്ടെന്ന് എ ന്‍.സി.ബി വെളിപ്പെടുത്തല്‍ .അതെ സമയം ഇതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും അത് അന്വേഷണത്തെ ബാധിക്കുമെന്നും എ ന്‍.സി.ബി മുംബൈ ഡയറക്ടര്‍ സമീര്‍ വാങ്കഡെ വ്യക്തമാക്കി .
ആഡംബര കപ്പലിലെ പാര്‍ട്ടിക്കിടെ ലഹരിമരുന്ന് പിടികൂടിയ കേസില്‍ ആര്യന്‍ ഖാനും സുഹൃത്തുക്കളും ഉള്‍പ്പെടെ 18 പേരാണ് അറസ്റ്റിലായത്. ഇതില്‍ ആര്യന്‍ ഉള്‍പ്പെടെ എട്ട് പേരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസില്‍ അറസ്റ്റു ചെയ്യപ്പെട്ട നാലുപേരെ ഇന്നലെ കോടതി ഒക്ടോബര്‍ 14 വരെ കസ്റ്റഡിയില്‍ വിട്ടിരുന്നു.
കേസില്‍ അറസ്റ്റിലായ ശ്രേയസ് നായര്‍ ലഹരിമരുന്ന് ഇടപാടുകള്‍ നടത്തിയിരുന്നത് ‘ഡാര്‍ക് വെബ്’ വഴിയെന്ന് എന്‍.സി.ബി വെളിപ്പെടുത്തുന്നു .ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിന്‍ ഉപയോഗിച്ചായിരുന്നു ഇയാളുടെ ഇടപാടുകളെന്നും ഉന്നത ബന്ധങ്ങളുള്ള ലഹരിമരുന്ന് വിതരണക്കാരനാണ് ശ്രേയസ് നായരെന്നും എന്‍.സി.ബി ചൂണ്ടിക്കാട്ടുന്നു .ലഹരിമരുന്ന് ഉപയോഗിച്ചവര്‍ യാത്രയ്ക്കിടെ ‘കോര്‍ഡെലിയ’ കപ്പലില്‍ പ്രശ്നങ്ങളുണ്ടാക്കിയതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട് .
മുംബൈ തീരത്ത് ‘കോര്‍ഡേലിയ ഇംപ്രസ ‘എന്ന ആഡംബര കപ്പലിലെ പാര്‍ട്ടിക്കിടെയാണ് ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവരെ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ പിടികൂടിയത് .

