കട്ടപ്പന: മൂന്നാഴ്ച മുന്‍പ് മുഖം കഴുകവെ മൂക്കിനുള്ളിലേക്ക് കയറിയ കുളയട്ടയെ യുവാവിന്റെ മൂക്കില്‍ നിന്ന് പുറത്തെടുത്തു.
ജീവനോടെയാണ് കുളയട്ടയെ പുറത്തെടുത്തത്. കട്ടപ്പന പള്ളിക്കവല വാലുമ്മേല്‍ ഡിപിന്‍ ഏബ്രഹാം (38) ആണ് കുളയട്ട മൂലം വലഞ്ഞത്. ഡിപിന്റെ വലതു മൂക്കിലാണ് കുളയട്ട കയറിയത്.
4 സെന്റിമീറ്ററോളം നീളമുള്ള കുളയട്ട ആയിരുന്നു ഇത്. അരുവിയിലെ വെള്ളത്തില്‍ മുഖം കഴുകിയിരുന്നു. ഈ സമയം കുളയട്ട മൂക്കില്‍ കയറിയതാകാമെന്നാണ് കരുതുന്നത്. മൂന്നാഴ്ച മുന്‍പാണ് ഡിപിന് പല അസ്വസ്ഥതകളും അനുഭവപ്പെടാന്‍ തുടങ്ങിയത്. വലത് മൂക്കിലൂടെയും വായിലൂടെയും ഇടയ്ക്ക് രക്തം വന്നിരുന്നു.
മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം
രക്തം വരുന്നത് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ആദ്യം കാര്യമാക്കിയില്ല. എന്നാല്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ടും മൂക്കടപ്പും നേരിട്ടു. ഇതോടെ ആശുപത്രിയില്‍ എത്തി എന്‍ഡോസ്‌കോപ്പി ചെയ്തു നോക്കിയെങ്കിലും പ്രശ്നമൊന്നും കണ്ടെത്തിയില്ല. ഇതോടെ ഡോക്ടര്‍ 5 ദിവസത്തെ മരുന്ന് നല്‍കി വിട്ടു.
എന്നാല്‍ 3 ദിവസത്തിന് ശേഷവും മാറ്റം ഉണ്ടായില്ല. ഇതോടെ മറ്റൊരു ഡോക്ടറെ കണ്ടു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം 3 ദിവസം മരുന്ന് കഴിച്ചിട്ടും പ്രയോജനം ഉണ്ടായില്ല. പിന്നാലെ 7 ദിവസം ആയുര്‍വേദവും പരീക്ഷിച്ചു. കഴിഞ്ഞ തിങ്കളാഴ്ച പള്ളിക്കവലയിലെ ഡോ ജോസ് കുര്യന്‍ മെമ്മോറിയല്‍ ക്ലിനിക്കില്‍ ഇവര്‍ ചികിത്സയ്ക്ക് എത്തി.
മൂക്കിലെ ചര്‍മം പൊട്ടിയിരിക്കുന്നതും രക്തം വരുന്നതുമാണ് ആദ്യ പരിശോധനയില്‍ കണ്ടെത്തിയത്. വീണ്ടും പരിശോധന നടത്തിയപ്പോഴാണ് മൂക്കിനുള്ളില്‍ എന്തോ അനങ്ങുന്നതായി കണ്ടത്. തുടര്‍ന്ന് 4 സെന്റിമീറ്ററോളം നീളമുള്ള കുളയട്ടയെ പുറത്തെടുത്തു.

