ന്യൂഡൽഹി: നോട്ട് അസാധുവാക്കൽ നടപടിയിലൂടെ രാജ്യം നേരിടുന്ന പ്രശ്നങ്ങള്‍ താല്‍കാലികമെന്ന് ധനകാര്യമന്ത്രി അരുൺ ജയ്റ്റ്‍ലി. ദീർഘകാലാടിസ്ഥാനത്തിൽ നോക്കിയാൽ ഇതിലൂടെ ഇന്ത്യയ്ക്ക് ഗുണം മാത്രമേ ഉണ്ടാകൂവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. രാജ്യത്തെ സമ്പദ് വ്യവസ്ഥ കൂടുതൽ നന്നാക്കുന്നതിനും വായ്പ നൽകുന്നതിന് ബാങ്കുകൾക്ക് കൂടുതൽ പണം ലഭിക്കുന്നതിലൂടെ രാജ്യത്തിന്‍റെ മൊത്തം ആഭ്യന്തര ഉൽപാദനം വർധിക്കുന്നതിനും ഈ നടപടിക്ക് കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പെട്രോകെമിക്കൽ വ്യവസായ മേഖലയിലെ ‘പെട്രോടെക്ക്-2016’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ടുകൾ അപ്രതീക്ഷിതമായി അസാധുവാക്കിയതിലൂടെ ജനങ്ങൾക്ക് പ്രയാസങ്ങൾ നേരിടേണ്ടി വന്നതില്‍ തീർച്ചയായും ഖേദമുണ്ടെന്നും, എന്നാല്‍ രാജ്യം ചരിത്രപരമായ മാറ്റത്തിന്‍റെ വക്കത്ത് നിൽക്കുകയാണെന്ന കാര്യം മറക്കരുതെന്നും ജയ്റ്റ്ലി പറഞ്ഞു.


