തിരുവനന്തപുരം: കുഞ്ഞിനെ തിരികെ കിട്ടാനായി നിരാഹാര സമരവുമായി മുന്നോട്ട് പോകുന്നതിനിടെ അനുപമയെ മന്ത്രി വീണാ ജോര്‍ജ്ജ് വിളിച്ച് സംസാരിച്ചു. നടപടി എടുക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയെന്ന് അനുപമ പറയുന്നു. ഞാനും അമ്മയാണ്, അനുപമയുടെ വികാരം മനസിലാകുമെന്ന് മന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റില്‍ മുന്നില്‍ അനുപമ നിരാഹാരം തുടങ്ങാനിരിക്കെയാണ് മന്ത്രിയുടെ ഇടപെടല്‍.
തന്റെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്തു നല്‍കിയ സംഭവത്തില്‍ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് അമ്മ അനുപമ എസ്.ചന്ദ്രന്‍. നീതി നിഷേധത്തിനെതിരെ ഇന്നു പകല്‍ സെക്രട്ടേറിയറ്റിനു മുന്‍പില്‍ നിരാഹാര സമരമിരിക്കുമെന്ന് അനുപമ പ്രഖ്യാപിച്ചു. പെറ്റമ്മയെന്ന നിലയില്‍ നീതി നല്‍കേണ്ടവര്‍ തന്റെ കുഞ്ഞിനെ നഷ്ടപ്പെടുത്താന്‍ കൂട്ടുനിന്നതില്‍ പ്രതിഷേധിച്ചാണു സമരമെന്ന് അനുപമ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22-ന് പ്രസവിച്ചശേഷം ആശുപത്രിയില്‍നിന്ന് മടങ്ങുംവഴി തിരുവനന്തപുരം ജഗതിയില്‍വെച്ച് അമ്മയും അച്ഛനും ചേര്‍ന്ന് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടു പോയി എന്നായിരുന്നു മുന്‍ എസ്.എഫ്.ഐ. നേതാവ് അനുപമയുടെ പരാതി.

