ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ചതില്‍ സന്തോഷമെന്ന് ആലപ്പുഴയില്‍ കൊല്ലപ്പെട്ട നന്ദുവിന്റെ മാതാവ്.നന്ദുവിനെ കൊലപ്പെടുത്തിയ പ്രതികളെ മാതൃകാപരമായ ശിക്ഷിക്കണമെന്നും നന്ദുവിന്റെ അമ്മ രാജേശ്വരി. മറ്റൊരു സംഘടന ഉണ്ടാകാന്‍ പാടില്ലെന്നും രാജേശ്വരി പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് നിരോധന ഉത്തരവില്‍ നന്ദു കൊലപാതക കേസ് പരാമര്‍ശിച്ചിരുന്നു.
ചേര്‍ത്തല വയലാറിലെ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ നന്ദു, മഹാരാജാസ് കോളേജിലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യു, പാലക്കാട് ആര്‍എസ്‌എസ് പ്രവര്‍ത്തകനായ സഞ്ജിത്, ബിപിന്‍ എന്നിവരുടെ കൊലപാതകങ്ങളാണ് ഉത്തരവില്‍ പരാമര്‍ശിച്ചിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് കേരളത്തിലെ കൊലപാതക കേസുകള്‍ അടക്കം ഉത്തരവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ആലപ്പുഴ വയലാറിലെ നന്ദു കൊലപാതക കേസില്‍ അറസ്റ്റിലായത് പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരാണ്. 2021ഫെബ്രുവരി 24നാണ് ആര്‍എസ്‌എസ് ഗഡനായക് നന്ദു കൃഷ്ണ എന്ന 22 കാരന്‍ ചേര്‍ത്തലയില്‍ കൊല്ലപ്പെടുന്നത്.
തലയ്ക്ക് കൊടുവാള്‍ കൊണ്ട് വെട്ടിയായിരുന്നു കൊലപ്പെടുത്തിയത്. നന്ദുകൃഷ്ണയുടെ കൂടെയുണ്ടായിരുന്ന മൂന്നു പേര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. നന്ദുവിന്റെ സുഹൃത്ത് കെ.എസ്.നന്ദുവിന്റെ കൈ ആക്രമികള്‍ വെട്ടിമാറ്റിയിരുന്നു. നന്ദു വധക്കേസില്‍ എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് നേതാക്കളടങ്ങുന്ന 37പേരാണ് പൊലീസ് പിടിയിലായത്.

