ന്യൂ ഡല്‍ഹി: നമ്മുടെ നാട്ടിലെ ഒട്ടുമിക്ക അപകട മരണങ്ങളുടെ കാരണം യഥാസമയത്ത് ചികിത്സ ലഭിക്കാതിരിക്കുന്നതാണ്. അപകടത്തില്‍ പെടുന്നവര്‍ ആരും തിരിഞ്ഞുനോക്കാതെ വഴിയരികില്‍ കിടന്നു മരണമടഞ്ഞ വാര്‍ത്തകള്‍ ഇന്ന് മാദ്ധ്യമങ്ങളില്‍ പതിവായിരിക്കുന്നു. അപകടത്തില്‍ പെടുന്നവരെ ആശുപത്രിയില്‍ എത്തിച്ചതിനുശേഷം നേരിടേണ്ടിവരുന്ന നിയമക്കുരുക്കുകള്‍ ഓര്‍ത്താണ് പലരും ഇതില്‍ നിന്നും പിന്മാറുന്നത്. എന്നാല്‍ ഈ പ്രവണത വര്‍ദ്ധിച്ചപ്പോള്‍ ജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഇതിന്റെ പേരില്‍ നേരിടേണ്ടി വരില്ലെന്ന് സര്‍ക്കാരും പൊലീസും ഉറപ്പുനല്‍കിയെങ്കിലും ഇപ്പോഴും ജനങ്ങള്‍ക്ക് വിമുഖതയാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച പദ്ധതിയാണ് അപകടത്തില്‍ പെടുന്നവരെ രക്ഷിക്കുന്നവര്‍ക്ക് പാരിതോഷികം നല്കുന്ന എന്നത്.
റോഡ്, ഗതാഗത റെയില്‍വേ മന്ത്രാലയമാണ് ഇത്തരമൊരു പദ്ധതി രൂപീകരിച്ചത്. അപകടത്തില്‍ പെടുന്നവരെ ഗോള്‍ഡന്‍ മണിക്കൂര്‍ എന്നറിയപ്പെടുന്ന ആദ്യ ഒന്നര മണിക്കൂറില്‍ തന്നെ എത്തിക്കുന്നവര്‍ക്കാണ് 5000 രൂപ പാരിതോഷികം നല്‍കുന്നത്. ഈ പദ്ധതി 2021 ഒക്ടോബര്‍ 15 മുതല്‍ 2026 മാര്‍ച്ച് 31 വരെ പ്രാവര്‍ത്തികമാക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്കും, കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും , ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിമാര്‍ക്കും അയച്ച കത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു. പദ്ധതി നടപ്പാക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും കേന്ദ്രം പുറത്തിറക്കി.
പാരിതോഷികത്തിന് പുറമെ ഏറ്റവും മികച്ച ഗുഡ് സമരിറ്റന്ന് ഒരു ലക്ഷം രൂപയുടെ ദേശീയ അവാര്‍ഡും നല്‍കുമെന്ന് മന്ത്രാലയം അറിയിച്ചു. ഒരാള്‍ ഒന്നിലധികം പേരെ രക്ഷിക്കുമെങ്കില്‍ 5000 രൂപ വീതം ഒാരോ ആളെ രക്ഷിച്ചതിനും കാശ് പാരിതോഷികം ലഭിക്കും.

