കണ്ണൂര്‍: ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലില്‍ ഉയര്‍ന്നിരിക്കുന്ന വിവാദങ്ങളിലിട്ട് സി.പി.എമ്മിനെ പൂട്ടാന്‍ യുഡിഎഫും ബി.ജെ.പി.യും കുരുക്കൊരുക്കുമ്ബോള് ജയരാജനെ കൊണ്ടു തന്നെ കടിച്ച വിഷം ഇറക്കിക്കാന്‍ തീരുമാനിച്ച് സി.പി.എം.
തിലങ്കേരിയില്‍ ഇന്ന് നടക്കുന്ന യോഗത്തില്‍ ആകാശിനെതിരേ പ്രസംഗിക്കാന്‍ പി. ജയരാജനെ തന്നെ സംസ്ഥാന നേതൃത്വം ചുമതലപ്പെടുത്തി. ജയരാജന് തന്നെ ആകാശിനെയും കൂട്ടരെയും തള്ളിപ്പറയുന്നത് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിവാദത്തിന്റെ മൂര്‍ച്ച കുറയ്ക്കുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.
സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നയിക്കുന്ന ജനകീയ പ്രതിരോധജാഥ കണ്ണൂരിലേക്ക് കടക്കും മുമ്ബ് വിവാദം തീര്‍ക്കാനാണ് പാര്‍ട്ടിയുടെ ശ്രമം. ഷുഹൈബ് വധം സംബന്ധിച്ച് ആകാശ് നടത്തിയ പാര്‍ട്ടിയെ പ്രതികൂട്ടിലാക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകള്‍ സി.പി.എമ്മിനെ ബാധിച്ചത് വലിയ രീതിയിലായിരുന്നു. ഇതോടെ ആകാശിനെ എങ്ങനെയും ഒതുക്കിയും വിവാദം അവസാനിപ്പിക്കേണ്ടത് പാര്‍ട്ടിയുടെ ബാദ്ധ്യതയായി മാറിയിരിക്കുകയാണ്.
ഇതിന്റെ ഭാഗമായിട്ടാണ് നേരത്തേ ഡി.വൈ.എഫ്.ഐ തില്ലങ്കേരിയെയും കൂട്ടാളികളെയും തള്ളിപ്പറഞ്ഞത്. ഇവര്‍ ക്വട്ടേഷന്‍ സംഘമാണെന്നും വ്യക്തിവൈരാഗ്യത്തിലേക്ക് പാര്‍ട്ടിയെ വലിച്ചിഴയ്ക്കുക ആണെന്നും ക്വട്ടേഷന്‍ സ്വര്‍ണ്ണക്കടത്ത് പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനാല്‍ ഇവരെ നേരത്തേ തന്നെ പുറത്താക്കിയതാണെന്നാണ് പാര്‍ട്ടിയുടെ നിലപാട്. ഇതിനെ ഒന്നുകൂടി ഉറപ്പിക്കാനാണ് തില്ലങ്കേരിയില്‍ ഇന്ന് വിശദീകരണയോഗം സംഘടിപ്പിച്ചിരിക്കുന്നതും ആകാശിനെ തള്ളിപ്പറയാന്‍ പി. ജയരാജനെ ചുമതലപ്പെടുത്തുകയും ചെയ്തിരിക്കുന്നതും.
ഇതിന് പുറമേ ആകാശിനെ സഹായിക്കുന്നവരെന്ന ധാരണയില്‍ തില്ലങ്കേരി ലോക്കല്‍ കമ്മറ്റിയ്ക്ക് കീഴിലെ 19 ബ്രാഞ്ചുകള്‍ക്കും കര്‍ശന താക്കീതും മുന്നറിയിപ്പും നല്‍കിയിരിക്കുകയാണ്. നേരത്തേ ആകാശിനെ തള്ളി സി.പി.എം. കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി. ജയരാജനും രംഗത്ത് വന്നിരുന്നു. ഷുഹൈബ് വധക്കേസില്‍ സി.പി.എമ്മിന് പങ്കില്ലെന്നും ആകാശ് ക്വട്ടേഷന്‍ നേതാവാണെന്നും ജയരാജന് പറഞ്ഞു. ഇതിന് പിന്നാലെ ജാമ്യം കിട്ടിയ ആകാശും പതിയെ പിന്‍വാങ്ങിയിരിക്കുകയാണ്.

